Thursday, April 25, 2024
indiaNews

രാജ്യം വികസനത്തിന്റെ യാത്രയിലാണ് : രാഷ്ട്രപതി ദ്രൗപദി മുര്‍മു

ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു, വികസനത്തിന്റെ യാത്രയിലാണ് രാജ്യമെന്ന് അഭിപ്രായപ്പെട്ടു. ഭരണഘടന അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് പൗരന്റെ കടമയാണ്. രാജ്യത്തിന് ദിശാബോധം നല്‍കുന്ന ഒന്നാണ് ഭരണഘടനയെന്നും രാഷ്ട്രപതി പറഞ്ഞു റിപ്പബ്ലിക് ദിന സന്ദേശം നല്‍കി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിന്നു രാഷ്ട്രപതി.ആഗോളത്തലത്തില്‍ നിരവധി സാമ്പത്തിക അസ്ഥിരതകള്‍ സംഭവിച്ചിട്ടും ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി. കൊറോണ മഹാമാരി നാലാം വര്‍ഷത്തിലേക്ക് കടക്കുകയും ലോകരാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ വലിയ തോതില്‍ ബാധിക്കുകയും ചെയ്തിരുന്നു. ഇതിനിടെയിലാണ് ഇന്ത്യ നേട്ടം കൈവരിച്ചതെന്ന് രാഷ്ട്രപതി അടിവരയിട്ട് പറഞ്ഞു.2020 മാര്‍ച്ചില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നടപ്പിലാക്കുകയും പാവങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്തു. കൊറോണയുടെ അപ്രതീക്ഷിതമായ കടന്നുവരവില്‍ രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ സഞ്ചരിച്ചപ്പോഴും ആര്‍ക്കും ഇവിടെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലെന്നും രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു. ഡിജിറ്റല്‍ ഇന്ത്യ ഗ്രാമങ്ങളെയും നഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചു. ഭാഷാവൈവിധ്യങ്ങള്‍ രാജ്യത്തിന്റെ കരുത്താണെന്നും ദ്രൗപദി മുര്‍മു പറഞ്ഞു.