Friday, April 26, 2024
EntertainmentkeralaNews

ചിത്രത്തിന്റെ സക്‌സസ് ട്രെയിലര്‍ പുറത്തുവിട്ടു

തിരുവനന്തപുരം : സഹീദ് അറാഫത്തിന്റെ സംവിധാത്തില്‍ ബിജു മേനോനും – വിനീത് ശ്രീനിവാസനും ഒന്നിച്ച ‘തങ്കം’ ത്തിന് തിയേറ്ററുകളില്‍ തിളക്കം. ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതിയ ചിത്രം ജനുവരി 26നാണ് പ്രദര്‍ശനത്തിന് എത്തിയത്. തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സക്‌സസ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി, കൊച്ചുപ്രേമന്‍, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് ‘തങ്ക’ത്തില്‍ പ്രധാന വേഷങ്ങളിലുള്ളത്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ‘ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര’, ‘ഒരു മുത്തശ്ശി ഗദ’ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വിനീതും അപര്‍ണയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണ് തങ്കം. ഈ രണ്ട് സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തമായൊരു വേഷത്തിലാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തിലെത്തുന്നതെന്നതും പ്രത്യേകതയാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ്. കോ പ്രൊഡ്യൂസേഴ്സ് രാജന്‍ തോമസ്, ഉണ്ണിമായ പ്രസാദ്. ‘തങ്കം’ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍. ബിജി ബാല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കലാ സംവിധാനം ഗോകുല്‍ ദാസും സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്‌സ് സേവ്യറുമാണ്. ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വസ്ത്രാലങ്കാരം മഷര്‍ ഹംസ, സൗണ്ട് മിക്‌സിങ് തപസ് നായക്, വിഎഫ്എക്‌സ് എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡി ഐ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കോ ഡയറക്ടര്‍ പ്രിനീഷ് പ്രഭാകരന്‍ എന്നിവരാണ്.