Tuesday, May 14, 2024
keralaNews

ഉമ്മന്‍ ചാണ്ടിയാണ് യഥാര്‍ഥത്തില്‍ ഉദ്യോഗാര്‍ഥികളുടെ കാലില്‍ വീഴേണ്ടതെന്ന് മുഖ്യമന്ത്രി.

ഉമ്മന്‍ ചാണ്ടിയാണ് യഥാര്‍ഥത്തില്‍ ഉദ്യോഗാര്‍ഥികളുടെ കാലില്‍ വീഴേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞദിവസം സെക്രട്ടേറിയറ്റ് നടയില്‍ ഒരു കാലുപിടിപ്പിക്കല്‍ രംഗം കണ്ടു. യഥാര്‍ഥത്തില്‍ ആ പിടിപ്പിച്ച ആളാണ് ഉദ്യോഗാര്‍ഥികളുടെ കാലില്‍ വീഴേണ്ടത്. എന്നിട്ടു പറയണം; എല്ലാ കഷ്ടത്തിനും കാരണം താന്‍ തന്നെയാണ്, മാപ്പ് നല്‍കണമെന്ന്. മുട്ടില്‍ ഇഴയേണ്ടതും മറ്റാരുമല്ലെന്നും വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂണിഫോമിട്ട സേനകളിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരുവര്‍ഷമാക്കി കുറച്ചത് എപ്പോഴാണ്. 2014 ജൂണില്‍ അതിനായി അന്നത്തെ പി.എസ്.സി ചെയര്‍മാന് കത്തെഴുതിയ ആഭ്യന്തരമന്ത്രി ആരായിരുന്നു. ഇപ്പോള്‍ ഉദ്യോഗാര്‍ഥികളോടൊപ്പമെന്ന് പറഞ്ഞ് രംഗത്തുവരുന്ന യു.ഡി.എഫിന് സിവില്‍ സര്‍വിസിനോടുള്ള നിലപാടെന്തെന്ന് നാട്ടുകാര്‍ക്കറിയില്ലേ. 2002ല്‍ കോവളത്ത് ചേര്‍ന്ന യു.ഡി.എഫ് ഏകോപനസമിതി അന്നത്തെ സര്‍ക്കാറിനോട് തസ്തിക വെട്ടിച്ചുരുക്കലും നിയമനനിരോധനവും ഉള്‍പ്പെടെ ശുപാര്‍ശ ചെയ്തത് ആര്‍ക്ക് മറക്കാനാകും. അന്ന് ഉമ്മന്‍ ചാണ്ടി ആയിരുന്നില്ലേ യു.ഡി.എഫ് കണ്‍വീനര്‍. അതിനെതുടര്‍ന്നാണല്ലോ 32 ദിവസം നീണ്ട സമരം നടന്നത്. കുട്ടികളെ എന്നും സൗജന്യമായി പഠിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന പ്രസ്താവന അന്ന് ഉമ്മന്‍ ചാണ്ടി തന്നെയല്ലേ നടത്തിയത്. ആ നിലപാടൊക്കെ ഇപ്പോഴുമുണ്ടോ. ഇപ്പോള്‍ 6.8 ലക്ഷം വിദ്യാര്‍ഥികള്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ എത്തിയപ്പോള്‍ നിലപാട് മാറ്റിയോയെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇപ്പോള്‍ ലാസ്റ്റ് ഗ്രേഡിന് കൂടുതല്‍ തസ്തികകള്‍ നല്‍കണമെന്ന് പറഞ്ഞ് സമരം ചെയ്യുന്ന കോണ്‍ഗ്രസുകാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോഴാണ് ലാസ്റ്റ് ഗ്രേഡില്‍ നിയമനം പാടില്ലെന്ന് പറഞ്ഞ് പ്രത്യേക സര്‍ക്കുലര്‍തന്നെ ഇറക്കിയത്. ലിസ്റ്റിലുള്ള മുഴുവനാളുകള്‍ക്കും നിയമനം ഉണ്ടാകുകയെന്നത് അപ്രയോഗികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.