Saturday, May 4, 2024
keralaNews

വിശ്വാസകാര്യത്തില്‍ നിലപാട് തുടരുമെന്നും ജി സുകുമാരന്‍ നായര്‍

മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധമാണ് ;  എന്‍ എസ് എസ്

മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധവും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതുമെന്ന്  .എന്‍ എസ് എസ്   

എന്‍.എസ്.എസിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധവും മുഖ്യമന്ത്രിയുടെ ഭാഗത്ത്‌നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതുമായിരുന്നുവെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. തന്റെ പ്രസ്താവന വളച്ചൊടിച്ച് എന്‍.എസ്.എസിനോടും അതിന്റെ നേതൃത്വത്തോടും ശത്രുത വളര്‍ത്താനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. പത്രക്കുറിപ്പിലാണ് സുകുമാരന്‍ നായര്‍ ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി, വിശ്വാസം എന്നീ മൂല്യം സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. ഈ നാടിന്റെ അവസ്ഥ അതാണ്. ഇത് ജനങ്ങള്‍ക്ക് മനസിലായി. ജനങ്ങള്‍ക്ക് സൈ്വരവും സമാധാനവും നല്‍കുന്ന സര്‍ക്കാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് ഇതുതന്നെയാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘വിശ്വാസികളുടെ പ്രതിഷേധം മുന്‍പ് മുതലേയുണ്ട്. അതിന് കുറവൊന്നും സംഭവിച്ചിട്ടില്ല. അതിന്റെ പ്രതികരണം തീര്‍ച്ചയായും ഉണ്ടാകും.

ഭരണമാറ്റം ജനങ്ങള്‍ തീരുമാനിക്കേണ്ടതാണ്. ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അത് ജനഹിതം അനുസരിച്ച് സംഭവിക്കട്ടെ. അതിനെക്കുറിച്ച് ഞാന്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല.’ ഇങ്ങനെയായിരുന്നു താന്‍ തിരഞ്ഞെടുപ്പ് ദിവസം പറഞ്ഞതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. തന്റെ ഈ പ്രസ്താവന വളച്ചൊടിച്ചും രാഷ്ട്രീയവല്‍ക്കരിച്ചും ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാനും എന്‍.എസ്.എസിനോടും അതിന്റെ നേതൃത്വത്തോടും ശത്രുത വളര്‍ത്താനുളള ശ്രമം മുഖ്യമന്ത്രിയുടെ ഭാഗത്ത്‌നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വിശ്വാസത്തിന്റെ കാര്യത്തില്‍ എന്‍.എസ്.എസിന്റെ നിലപാട് തുടരുമെന്നും അദ്ദേഹം അറിയിച്ചു.