Saturday, May 4, 2024
keralaNewspolitics

നിയമസഭ സമ്മേളനം:ചാന്‍സിലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കാന്‍ ബില്‍

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന
പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 14 സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ പാസ്സാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. സര്‍വകലാശാല ഭരണത്തില്‍ ഗവര്‍ണര്‍ അനാവശ്യമായി തുടര്‍ച്ചയായി ഇടപെടുന്നു, വിസിമാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാവി വത്കരണം നടത്താന്‍ ശ്രമിക്കുന്നു, തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ഗവര്‍ണര്‍ക്കെതിരെയുള്ള ബില്‍ സഭയില്‍ കൊണ്ടുവരുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ സഭയില്‍ നിര്‍ണ്ണായകമാണ്. ചാന്‍സിലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കുന്നതിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല.ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞെങ്കിലും മുസ്ലീം ലീഗിന് വിയോജിപ്പുണ്ട്. എന്നിരുന്നാലും ലീഗ് ബില്ലിനെ പിന്തുണയ്ക്കാനുള്ള സാധ്യത വിരളമാണ്. പ്രതിപക്ഷത്തെ അഭിപ്രായ ഭിന്നത മുതലെടുക്കാനാണ് സര്‍ക്കാര്‍ നീക്കം.ഈ സമ്മേളന കാലയളവില്‍ വലിയ രീതിയിലുള്ള പ്രതിഷേധമുയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം.തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ ആര്യാരാജേന്ദ്രന്റെ പേരില്‍ പുറത്ത് വന്ന കത്ത് വിവാദമാണ് പ്രതിപക്ഷം, ഇന്ന് നിയമസഭയില്‍ അടിയന്തരപ്രമേയമായി ഉന്നയിക്കുക. സംസ്ഥാനത്തെ സര്‍വകലാശാലകളിലും തദ്ദേശ സ്ഥാപനങ്ങളിലും കമ്യൂണിസ്റ്റ് വത്കരണം നടത്തുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കല്‍ കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് സഭയില്‍ ഉയര്‍ത്തും. രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിപക്ഷം ഉന്നയിക്കും. അതേസമയം ഈ മാസം 15 വരെ സഭ സമ്മേളിക്കാനാണ് തീരുമാനം. തുടര്‍ സമ്മേളനം എന്ന നിലയില്‍ അടുത്ത വര്‍ഷം ആദ്യവും സഭ ചേരും.