Saturday, May 11, 2024
keralaNews

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. കേരളത്തില്‍ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിളും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം ഇല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

തീവ്ര ന്യൂനമര്‍ദ്ദം ദക്ഷിണേന്ത്യയില്‍ കരതൊട്ട സാഹചര്യത്തില്‍ തമിഴ്നാട്ടിലും ആന്ധ്രയിലും മഴ കനക്കും. പടിഞ്ഞാറന്‍ കാറ്റ് സജീവമാകുന്നതോടെ കേരളത്തിലും കൂടുതല്‍ മഴ കിട്ടുമെന്ന് മുന്നറിയിപ്പുണ്ട്. യെല്ലോ അലര്‍ട്ടുള്ള മലയോര മേഖലകളിലും വനമേഖലകളിലും ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരിക്ഷീണ കേന്ദ്രം അറിയിച്ചു.