Tuesday, April 30, 2024
keralaNews

പ്രിയപ്പെട്ടവളുടെ ഓര്‍മയില്‍ നീറി കുടുംബവും സുഹൃത്തുക്കളും.

മൂവാറ്റുപുഴ :പിറന്നാള്‍ദിനത്തില്‍ സദ്യയ്ക്ക് എന്തൊക്കെ വേണമെന്ന് പറഞ്ഞിട്ട് കോളജില്‍ പോയ നമിതയുടെ ചേതനയറ്റ ശരീരമാണ് തിരിച്ചു വീട്ടിലെത്തിയത്.ബുധനാഴ്ച വൈകിട്ടാണ് മൂവാറ്റുപുഴ നിര്‍മല കോളജിന് മുന്നില്‍ അമിതവേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് ബിരുദ വിദ്യാര്‍ഥിനി നമിത മരിച്ചത്.നമിതയുടെ ഇരുപതാം പിറന്നാളായിരുന്നു ഇന്നലെ
പ്രിയപ്പെട്ടവളുടെ ഓര്‍മയില്‍ നീറി കുടുംബവും സുഹൃത്തുക്കളും.കോളജില്‍ നിന്ന് ഇറങ്ങിയാല്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ച് അറിയിക്കുന്ന നമിത വീട്ടില്‍ എത്തേണ്ട നേരം കഴിഞ്ഞിട്ടും വിളിക്കാതിരുന്നതില്‍ ആശങ്കയുണ്ടായിരുന്നു. പിന്നീട് അറിഞ്ഞത് മകളുടെ അപകട വിവരമാണ്. നിസ്സാര പരുക്കുകള്‍ മാത്രമായിരിക്കും സംഭവിച്ചതെന്നു കരുതിയ ആശുപത്രിയിലെത്തിയ മാതാപിതാക്കളെ കാത്തിരുന്നത് മകളുടെ വിയോഗ വാര്‍ത്തയാണ്.അപകടത്തിനു കാരണക്കാരനായ ആന്‍സണിനു പരമാവധി ശിക്ഷ നല്‍കണമെന്ന് നമിതയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. പ്രതിക്കു നല്‍കുന്ന ശിക്ഷ അപകട വേഗത്തില്‍ ബൈക്ക് ഓടിക്കുന്നവര്‍ക്കെല്ലാം മുന്നറിയിപ്പാകണമെന്നും നാളെ മറ്റൊരാള്‍ക്കാകാം ഇത്തരം അപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നതെന്നും നമിതയുടെ അച്ഛന്‍ രഘു പറഞ്ഞു. നിര്‍മല കോളജ് ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ നമിത കോളജിനു മുന്നില്‍ അമിത വേഗത്തില്‍ എത്തിയ ബൈക്കിടിച്ചു മരിച്ചത്.നമിതയുടെ കൂടെ ഉണ്ടായിരുന്ന കോട്ടയം പൂവക്കുളം മണിമലയില്‍ എം.ഡി ജയരാജന്റെ മകള്‍ അനുശ്രീ രാജ് (19), ബൈക്ക് യാത്രികന്‍ ഏനാനല്ലൂര്‍ കിഴക്കേമുട്ടത്ത് ആന്‍സണ്‍ റോയ് (22) എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. അമിതവേഗത്തില്‍ എത്തിയ ബൈക്ക് റോഡ് കുറുകെ കടക്കുകയായിരുന്ന വിദ്യാര്‍ഥിനികള്‍ക്കുമേല്‍ ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ആന്‍സണ്‍ റോയ് തെറിച്ച് എതിരെ വരികയായിരുന്ന ബസിനടിയിലേക്കു വീണു. ബൈക്ക് ഓടിച്ച ആന്‍സന്‍ ലഹരി ഉള്‍പ്പെടെ 11 കേസുകളില്‍ പ്രതിയാണ്. ആന്‍സനെതിരെ പൊലീസ് നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു.