Monday, April 29, 2024
indiaNews

ജമ്മു കശ്മീരില്‍ ഭീകരര്‍ അതിഥി തൊഴിലാളിയെ വെടിവച്ചുകൊന്നു.

ശ്രീനഗര്‍ :ജമ്മു കശ്മീരില്‍ ഭീകരര്‍  അതിഥി തൊഴിലാളിയെ വീണ്ടും വെടിവച്ചുകൊന്നു.ബന്ദിപ്പോര്‍ ജില്ലയില്‍ അര്‍ധരാത്രിയോടെയാണ് സംഭവം. ബിഹാര്‍ മദെപുര സ്വദേശിയായ മഹൊദ് അമ്‌റേസ് ആണ് കൊല്ലപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.നാല് സൈനികര്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചതിനു തൊട്ടടുത്ത ദിവസമാണ് വീണ്ടും ആക്രമണമുണ്ടായത്. ജമ്മു കശ്മീരിലെത്തുന്ന ഇതര സംസ്ഥാനക്കാരെ തിരഞ്ഞുപിടിച്ച് വധിക്കുന്നത് അടുത്തിടെയായി വര്‍ധിക്കുകയാണ്. ബാങ്ക് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ആഴ്ച ബിഹാര്‍ സ്വദേശിയായ മുഹമ്മദ് മുംതാസ് കൊല്ലപ്പെട്ടിരുന്നു. മറ്റു രണ്ട് പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

ജമ്മു കശ്മീരിലെ രജൗറി പര്‍ഗലില്‍ കരസേനാ ക്യാംപിനു നേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണം ചെറുത്ത 4 സൈനികരാണ് വീരമൃത്യു വരിച്ചത്. ആക്രമണം നടത്തിയ 2 ഭീകരരെ 4 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ വധിച്ചു. പാക്ക് അധീന കശ്മീരില്‍നിന്നു നുഴഞ്ഞുകയറിയ ലഷ്‌കറെ തയിബ ഭീകരരാണു ക്യാംപ് ആക്രമിച്ചത്.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിലുടനീളം സുരക്ഷ കര്‍ശനമാക്കിയതിനിടെയാണ് സേനാ ക്യാംപിലെ ആക്രമണം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ മൂന്നാം വാര്‍ഷിക ദിനമായ ഈ മാസം അഞ്ചിനും സ്വാതന്ത്ര്യദിനത്തിനുമിടയില്‍ ഭീകരാക്രമണം നടന്നേക്കാമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു മുന്‍പ് 2018 ഫെബ്രുവരി പത്തിനാണു ഭീകരര്‍ സേനാ ക്യാംപ് ആക്രമിച്ചത്. ജമ്മുവിലെ സുഞ്ജുവാനില്‍ അന്ന് 6 സൈനികര്‍ വീരമൃത്യു വരിച്ചു.