Tuesday, May 21, 2024
GulfNews

യുകെയിലേക്ക് പോകാന്‍ യുഎഇ പൗരന്മാര്‍ക്ക് വിസ വേണ്ട

അബുദാബി: യുഎഇ പൗരന്മാര്‍ക്ക് യുകെയിലേക്കുള്ള യാത്രയ്ക്ക് വിസ ആവശ്യമില്ല. യുകെയുടെ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ പദ്ധതിയില്‍പ്പെടുന്ന രാജ്യങ്ങളിലൊന്നായതാണ് യുഎഇക്ക് ആനുകൂല്യം ലഭിക്കാന്‍ ഇടയാക്കിയത്. ഈ പദ്ധതി 2023ല്‍ പ്രാബല്യത്തില്‍ വരും. യുകെയിലെ യുഎഇ അംബാസഡര്‍ മന്‍സൂര്‍ അബുല്‍ഹൂളാണ് ഇക്കാര്യം അറിയിച്ചത്.                                                                   

യുഎഇ പൗരന്‍മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ യുകെയിലേക്കുള്ള യാത്രക്ക് മുന്‍പ് ഇനി വിസ ആവശ്യമില്ല.

ഇത് ഒരു അത്ഭുതകരമായ വികസനമാണെന്നും യുകെ സര്‍ക്കാരിനും ഞങ്ങളുടെ വിദേശകാര്യ മന്ത്രാലയത്തിന്റെയും അശ്രാന്തമായ പ്രവര്‍ത്തനത്തിനും നന്ദി അറിയിക്കുന്നുവെന്നും യുകെയിലെ യുഎഇ അംബാസിഡര്‍ മന്‍സൂര്‍ അബുല്‍ഹൂള്‍ പറഞ്ഞു.

ഈ വികസനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ അവസരങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.                                 

ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ആഗോളതലത്തില്‍ തന്നെ യുഎഇ പാസ്‌പോര്‍ട്ടിന് 15ാം സ്ഥാനമാണ്.

അറബ് ലോകത്ത് ഒന്നാം സ്ഥാനത്തുമാണിത്. പൗരന്മാര്‍ക്ക് വിവിധ രാജ്യങ്ങളിലേക്ക് എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ സാധ്യമാക്കുന്ന യുഎഇ പാസ്‌പോര്‍ട്ടിന്റെ വിസ-ഓണ്‍-അറൈവല്‍ സ്‌കോര്‍ 175 ആണ്.

 

യുഎഇയെ കൂടാതെ മറ്റ് ചില ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളും യുകെയുടെ പദ്ധതിയുടെ ഭാഗമാണ്.