ഹണിട്രാപ്പ് : മലപ്പുറത്ത് 65-കാരനെ രാത്രിയില്‍ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി ലക്ഷങ്ങള്‍ തട്ടുകയായിരുന്നു

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ 65-കാരനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. താഴെക്കോട് മേലേകാപ്പ് പറമ്പ് സ്വദേശി പൂതന്‍കോടന്‍ വീട്ടില്‍ ഷബാനയാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലിപ്പറമ്പ് വട്ടപറമ്പ് സോദേശി പീറാലി വീട്ടില്‍ ഷബീറലി, താഴെക്കോട് ബിടത്തി സോദേശി ജംഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്യേണ്ടതുണ്ട്. ഇവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ആലിപ്പറമ്പ് സ്വദേശിയായ മധ്യവയസ്‌കനില്‍ നിന്നുമാണ് പ്രതികളായ യുവതിയും മറ്റ് അഞ്ച് പേരും പണം തട്ടിയെടുത്തത്. പെരിന്തല്‍മണ്ണ പോലീസിലാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചത്. ഫോണിലൂടെ വിളിച്ച് 65-കാരനുമായി ഷബാന ബന്ധം സ്ഥാപിക്കുകയായിരുന്നു. മാര്‍ച്ച് 18-ന് ആലിപ്പറമ്പ് സ്വദേശിയായ മധ്യവയസ്‌കനെ ഷബാന വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. രാത്രി വീടിനുപുറത്ത് എത്തിയപ്പോഴേക്കും അഞ്ച് പേരടങ്ങിയ സംഘമെത്തി ഇയാളെ തടഞ്ഞുവെച്ചു. ദൃശ്യങ്ങളും ഫോട്ടോയും മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നാണ് പരാതി.