Sunday, April 28, 2024
keralaNewsObituary

പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറത്ത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പിന് എത്തിയ രണ്ട് പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു. നിലമ്പൂര്‍ കരുളായി നെടുങ്കയത്താണ് ദാരുണാപകടം ഉണ്ടായത്. നെടുങ്കയത്തെ കരിമ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ മുര്‍ഷിന, ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷ റുദ എന്നിവരാണ് മരിച്ചത്.

കോട്ടക്കല്‍ എം എസ് എം എച്ച് എസ് എസ് കല്ലിങ്കപ്പറമ്പിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. നെടുങ്കയത്ത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പിന് എത്തിയ കുട്ടികളാണ് അപകടത്തില്‍പെട്ടത്. കരിമ്പുഴയില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ കയത്തില്‍ മുങ്ങി പോകുകയായിരുന്നു.

ഇവരെ നാട്ടുകാര്‍ പുറത്തെടുത്ത് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുമ്പോളേക്കും മരിച്ചിരുന്നു. ഇരുവരുടെയും മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.