Friday, May 10, 2024
keralaNewspolitics

എം.ശിവങ്കറിന്റെ അറസ്റ്റ് ; സര്‍ക്കാരും ഇടതുമുന്നണിയും പ്രതിരോധത്തില്‍…

സര്‍ക്കാരിനെയും ഇടതുമുന്നണിയെയും വലിയതോതില്‍ പ്രതിരോധത്തിലാക്കുന്നതാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവങ്കറിന്റെ അറസ്റ്റ്. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫിസിനെയും ഇതുവരെ പ്രതിരോധിച്ചിരുന്ന ഇടതുമുന്നണി നേതൃത്വത്തിന്റെ വാദങ്ങളുടെ ശക്തി ചോര്‍ത്തുന്നതാണ് അറസ്റ്റ്. മുഖ്യമന്ത്രിയുടെ രാജിക്കായുള്ള പ്രതിപക്ഷ സമരങ്ങളെ നേരിടുന്നതും സര്‍ക്കാരിന് കനത്തവെല്ലുവിളിയാകും.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍ നാലരവര്‍ഷത്തിലേറെ ചുക്കാന്‍ പിടിച്ചിരുന്ന എം.ശിവശങ്കര്‍ അറസ്റ്റിലായതോടെ സ്വണ്ണക്കള്ളടത്തും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും ഉയര്‍ത്തിവിട്ട രാഷ്ട്രീയ വിവാദം പുതിയ തലത്തിലേക്ക്. നൂറ്റിപതിനഞ്ചുദിവസം കണ്ടതുപോലെയല്ല ഈ ദൃശ്യം. തെറ്റ് ചെയ്തത് ശിവശങ്കറാണെന്നും അതിന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് അസംബന്ധമാണെന്നും ആണ് ഇടതുമുന്നണി നേതൃത്വം ഇതുവരെ പറഞ്ഞിരുന്നത്. ശിവശങ്കറിനെ കേന്ദ്ര ഏജന്‍സികള്‍ മണിക്കൂറുകള്‍ ചോദ്യം ചെയ്‌തെങ്കിലും കസ്റ്റഡിയോ അറസ്റ്റോ ഉണ്ടാകാത്തത് ഈ വാദത്തിന് ബലമേകുകയും ചെയ്തു. ആ ബലമാണ് ഇപ്പോള്‍ നഷ്ടമായത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്‍ തെറ്റുചെയ്തതിന് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കേണ്ടതില്ലെന്ന അതേ വാദത്തില്‍ തന്നെ ഇടതുമുന്നണി നേതൃത്വം ഉറച്ചുനില്‍ക്കുമെങ്കിലും അത് ജനങ്ങളെയും അണികളെയും ബോധ്യപ്പെടുത്താന്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടിവരും. മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളികൂട്ടുന്ന യു.ഡി.എഫും, ബി.ജെ.പിയും ഇനി സ്വീകരിക്കുന്ന സമരങ്ങള്‍ നേരിടുന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള മറ്റൊരുവെല്ലുവിളി. ശക്തമായ സമരമാര്‍ഗങ്ങളുമായി രംഗത്തിറങ്ങുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.