Saturday, May 11, 2024
keralaNewsObituary

അതിജീവനത്തിന്റെ പ്രതീകമായി ജീവിതപോരാട്ടം; ലത്തീഷ ഓര്‍മ്മയായി.

എരുമേലി: വിരല്‍ തുമ്പില്‍ വിസ്മയം തീര്‍ത്ത് അപൂര്‍വരോഗവുമായി വര്‍ഷങ്ങളുടെ ജീവിത പോരാട്ടത്തിനൊടുവില്‍ അതിജീവനത്തിന്റെ പ്രതീകമായി ജീവിച്ച ലത്തീഷ അന്‍സാരി (27) ഓര്‍മ്മയായി. ജന്മന എല്ല് പൊടിയുന്ന അസുഖമായ ഓസ്റ്റിയോജനസിസ് ഇംപെര്‍ഫെക്ട് എന്ന അസുഖം ബാധിച്ച ലത്തീഷയുടെ നിശ്ചയ ദാര്‍ഢ്യത്തിന് ശക്തി പകര്‍ന്ന് കീ ബോര്‍ഡ് വായനയും-പെയിന്റിംഗും കൂടി എത്തിയതോടെ കഴിഞ്ഞ 27 വര്‍ഷത്തെ ജീവിതം ലത്തീഷയെ കലാകാരിയാക്കി.എരുമേലി പുത്തന്‍പീടികയില്‍ അന്‍സാരി / ജമീല ദമ്പതികളുടെ മകളാണ് ലത്തീഷ. 27കാരിയായെങ്കിലും 15 കിലോമാത്രം തൂക്കവും ഒന്നരയടി മാത്രം ഉയരവുമാണ് ലത്തീഷയ്ക്ക് ഉണ്ടായിരുന്നത്.

അച്ഛന്‍ അന്‍സാരിയുടെ ഒക്കത്തേറിയായിരുന്നു ലത്തീഷയുടെ യാത്രകള്‍. ഓക്‌സിജന്‍ ശ്വസിക്കാന്‍ സാധിക്കാത്ത പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അസുഖവും ലത്തീഷയെ വലച്ചു. ഇതോടെ കുറച്ചു വര്‍ഷങ്ങളായി ഓക്‌സിജന്‍ സിലിണ്ടറുമായാണ് ജീവിതം മുന്നോട്ട് നീക്കിയത്.എരുമേലി ബസ് സ്റ്റാന്‍ഡില്‍ മന്‍സൂര്‍ എന്ന ഹോട്ടല്‍ വരുമാന മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.എന്നാല്‍ കോവിഡ് മഹാമാരിയും – ലോക് ഡൗണിലെ കടമുടക്കവും പ്രതിസന്ധിയിലാക്കി. എരുമേലി സെന്റ് തോമസ് ഹൈസ്‌കൂളില്‍ +2 വരെ പഠിച്ച ലത്തീഷ ഉയര്‍ന്ന മാര്‍ക്കോടെ എംകോം പാസായി സിവില്‍ സര്‍വീസ് പരിശീലനവും നേടിയിരുന്നു.പഠനത്തിലും മികവ് പുലര്‍ത്തിയ ലത്തീഷ ഓക്‌സിജന്‍ സിലിണ്ടറുമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു.

ഇതിനകം ആയിരത്തലധികം വേദികളില്‍ കീബോര്‍ഡ് വായിച്ചു.രോഗാവസ്ഥയിലും പ്രതീക്ഷ കൈവിടാതിരുന്ന ലത്തീഷക്ക്
ഈസ്റ്റണ്‍ ഭൂമിക വനിതാ രത്‌നം അവാര്‍ഡ്,ഡോ. ബത്രാസ് പോസിറ്റീവ് ഹെല്‍ത്ത് അവാര്‍ഡും നിരവധി വേദികളില്‍ ആദരവും ലഭിച്ചു.കൂടാതെ രാജ്യത്തെ പ്രമുഖ വനിത മാസികകളിലെല്ലാം ലത്തീഷയുടെ പോരാട്ടത്തിന്റെ കഥ നിറഞ്ഞു നിന്നു .
എരുമേലിയിലെ എംഇഎസ് കോളേജില്‍ നിന്നു ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി എരുമേലി കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ജോലി ലഭിച്ചിരുന്നെങ്കിലും ശ്വാസതടസം കലശലായതോടെ ജോലിക്ക് പോകുന്നതും നിര്‍ത്തിയിരുന്നു.സര്‍ക്കാര്‍ അനുവദിച്ച പോര്‍ട്ടബിള്‍ ഓക്ജിസന്‍ സിലിണ്ടറോടെയാണ് ലത്തീഷ ഇതുവരെ ജീവന്‍ നിലനിര്‍ത്തിയിരുന്നത് ലത്തീഷാസ് ഹാപ്പിനസ് എന്ന പേരില്‍ സ്വന്തമായി ആരംഭിച്ച യൂട്യൂബ് ചാനലില്‍ അടക്കം നവമാധ്യമങ്ങളില്‍ സജീവമായി ഇടപ്പെട്ടിരുന്നു.ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്നലെ രാവിലെ എട്ട് മണിയോടെ ലത്തീഷ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്‌കാരം എരുമേലി ടൗണ്‍ നൈനാാര്‍ ജുമാ മസ്ജിദില്‍ നടന്നു.