Sunday, May 19, 2024
keralaNewsUncategorized

എന്‍.എസ്.എസില്‍ ഒരു ഭിന്നതയുമില്ല – സുകുമാരന്‍ നായര്‍

പത്തനംതിട്ട: എന്‍.എസ്.എസില്‍ ഒരു ഭിന്നതയും നിലനില്‍ക്കുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. തനിക്കെതിരായുള്ള ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ നിന്നും അടൂര്‍ താലൂക്ക് യൂണിറ്റ് പ്രസിഡന്റ് കലഞ്ഞൂര്‍ മധു ഉള്‍പ്പടെ ആറു പേര്‍ ഇറങ്ങിപ്പോയതുമായി ബന്ധപ്പെട്ട വിഷയം മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കലഞ്ഞൂര്‍ മധു സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ഇക്കാര്യം സംഘടനയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പെരുന്നയില്‍ കണ്‍വെന്‍ഷന്‍ സെന്ററുണ്ടാക്കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണം തെറ്റാണ്. സ്ഥലത്തിന് വില കുറവാണെന്നാണ് ആരോപണം. എന്നാല്‍ സ്ഥലം നിലനില്‍ക്കുന്ന പ്രദേശത്ത് സര്‍ക്കാര്‍ ഫെയര്‍ വാല്യൂ 15 ലക്ഷം രൂപയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ലക്ഷ്യം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ മാറ്റുകയെന്നതാണ്. എന്നാല്‍, സമുദായം തന്നെ അംഗീകരിക്കുന്നു. ഒരു അഴിമതി പോലും തനിക്കെതിരെ നിലനില്‍ക്കുന്നില്ല. സ്ഥാനമാനങ്ങള്‍ ബന്ധുക്കള്‍ക്ക് വീതംവെച്ചെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.