Thursday, May 2, 2024
keralaNewsUncategorized

അക്രമം ഞെട്ടിക്കുന്നത് : യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി ഉറപ്പ്: മുഖ്യമന്ത്രി

തിരുവനന്തപുരം : കോഴിക്കോട്ട് വെച്ച് ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനില്‍ ഉണ്ടായ അക്രമം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ ഉണ്ടായ ആക്രമണത്തില്‍ പൊലിഞ്ഞത്. കമ്പാര്‍ട്‌മെന്റില്‍ ഉണ്ടായ യാത്രക്കാര്‍ക്കും പൊള്ളലേറ്റിറ്റുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവന്‍ വിവരങ്ങളും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനായി പ്രത്യേക അന്വേഷകസംഘം രൂപീകരിക്കും. അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജ്ജിതമായി നടത്തുകയാണ്. സംസ്ഥാന പൊലീസ് മേധാവി തന്നെ ഇതിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. റെയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കും. യാത്രാസുരക്ഷയുടെ കാര്യത്തില്‍ സാധ്യമായ എല്ലാ നടപടികളും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടും. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

പെട്രോള്‍ പോലുള്ള ദ്രാവകം ഒഴിച്ച് യാത്രക്കാരെ കൊല്ലാന്‍ ശ്രമിച്ചു

കോഴിക്കോട് : ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പില്‍ റെയില്‍വേ പൊലീസ് കേസെടുത്തു. അക്രമത്തില്‍ പരിക്കേറ്റ കണ്ണൂര്‍ കതിരൂര്‍ സ്വദേശി അനില്‍കുമാറിന്റെ ഭാര്യയുടെ പരാതിയിലാണ് കേസെടുത്തത്. പെട്രോള്‍ പോലുള്ള ദ്രാവകം ഒഴിച്ച് യാത്രക്കാരെ കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് റെയില്‍വേ പൊലീസിന്റെ എഫ്‌ഐആറിലുള്ളത്. ട്രെയിനിലെ അക്രമത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കണ്ണൂര്‍ കതിരൂര്‍ സ്വദേശി അനില്‍കുമാറിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 35 ശതമാനത്തിലേറെ പൊള്ളലേറ്റ ഇയാളുടെ കഴുത്തിലുണ്ടായ പൊള്ളലാണ് ഗുരുതരം. ഭാര്യക്കും കുട്ടിക്കും ആക്രമണത്തില്‍ പൊളളലേറ്റിരുന്നുവെന്നും ഇവരുടെ സ്ഥിതി ഗുരുതരമായിരുന്നില്ല. മെഡിക്കല്‍ കോളേജിലെ ബേണ്‍ ഐസിയുവിലുള്ള അദ്വൈതിന്റെയും അശ്വതിയുടെയും ആരോഗ്യ നില മെച്ചപ്പെട്ടതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരടക്കം എട്ടു പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ട്രെയിനിലെ തീപിടിത്തം ഗൗരവമേറിയത്, കേരളാ മുഖ്യമന്ത്രിയുമായി സംസാരിക്കും: റെയില്‍വേ മന്ത്രി

ദില്ലി : എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ നടന്ന ആക്രമണത്തിന്റെ വിശദാംശങ്ങള്‍ കേരളത്തില്‍ നിന്ന് തേടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആസൂത്രമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ സംഭവത്തില്‍ എന്‍ഐഎയും അന്വേഷണം നടത്തും. സംഭവം ഗൗരവതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷണവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഥലത്തെത്തി വിവരങ്ങള്‍ തേടിയതായും കേന്ദ്ര മന്ത്രി വിശദീകരിച്ചു.

അക്രമിയെ കുറിച്ച് സൂചന ലഭിച്ചെന്ന് ഡിജിപി

കോഴിക്കോട് : ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനില്‍ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ട് പൊലീസ്. മുഖ്യസാക്ഷിയായ റാസിഖ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ടൗണ്‍, മെഡിക്കല്‍ കോളേജ്, അസിസ്റ്റന്റ് കമ്മീഷണര്‍മാരും, റൂറല്‍ എസ്എസ്ബി ഡിവൈഎസ്പി എന്നിവര്‍ എലത്തൂര്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. കണ്ണൂരിലേക്കെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കോഴിക്കോട്ടെ ട്രെയിന്‍ ആക്രമണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരിശോധിക്കും, എന്‍ഐഎയും അന്വേഷിച്ചേക്കും

തിരുവനന്തപുരം: ഓടുന്ന ട്രെയിനിലുണ്ടായ ആക്രമണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരിശോധിക്കും, സംഭവത്തെക്കുറിച്ച് എന്‍ ഐഎയും അന്വേഷിച്ചേക്കും. സംഭവത്തെക്കുറിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം വിവരം തേടും. ഡിജിപി അനില്‍കാന്ത് ഇന്ന് കണ്ണൂരിലേക്ക് പോകും. രാവിലെ 11.30നുള്ള വിമാനത്തില്‍ അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെടും. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ക്കാണ് പോകുന്നതെങ്കിലും ട്രെയിന്‍ ആക്രണത്തെക്കുറിച്ചുള്ള അന്വേഷണം ഡിജിപി വിലയിരുത്തുമെന്നാണ് സൂചന. ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിന്റെ ഉ1 കോച്ചില്‍ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. ചുവന്ന ഷര്‍ട്ടും തൊപ്പിയും ധരിച്ചയാള്‍ കയ്യില്‍ കരുതിയരുന്ന കുപ്പിയില്‍ നിന്നും പെടോള്‍ വലിച്ചെറിഞ്ഞ ശേഷം തീ കൊളുത്തുകയായിരുന്നു.രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയ മൂന്നു പേര്‍ മരിച്ചു. 9 പേര്‍ക്ക് പരിക്കേറ്റു. നാലു പേരുടെനില ഗുരുതരമാണ്. അക്രമിയുടേതെന്ന് കരുതുന്ന മൊബൈലും ഹിന്ദിയിലെഴുതിയ ചില ബുക്കുകളും കിട്ടിയിട്ടുണ്ട്. ആസൂത്രിതമായ ആക്രണമെന്ന് വ്യക്തമായിട്ടുണ്ട്. തീവ്രവാദ ബന്ധം ആക്രണമത്തിന് പിന്നിലുണ്ടെയന്ന സംശയവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയവും എന്‍ഐഎയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.