Friday, May 17, 2024
keralaNewsObituary

ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടി മൂന്ന് പേര്‍ മരിച്ച സംഭവം: ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാകുന്നു

കോഴിക്കോട് : ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പില്‍ നിന്നും രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയതെന്ന് കരുതുന്ന
നൗഫീക്കിന്റെയും റഹ്‌മത്തിന്റെയും ഇര്‍ക്വസ്റ്റ് പൂര്‍ത്തിയായി. ഇരുവരുടേയും ശരീരത്തില്‍ പൊള്ളലേറ്റ പാടുകളില്ല. തലക്ക് പിന്നില്‍ മുറിവേറ്റിട്ടുണ്ട്. ശരീരത്തിലെ പരുക്ക് ട്രയിനില്‍ നിന്ന് വീണുണ്ടായതാണെന്നാണ് നിഗമനം. മരിച്ച രണ്ട് വയസുകാരി സഹറയുടെ ഇന്‍ക്വസ്റ്റ് പുരോഗമിക്കുകയാണ്.
ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ മൂന്ന് പേരെയാണ് ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മട്ടന്നൂര്‍ സ്വദേശി റഹ്‌മത്ത്, ഇവരുടെ സഹോദരീ പുത്രി രണ്ട് വയസുകാരി സഹറ, മട്ടന്നൂര്‍ സ്വദേശി നൗഫിക് എന്നിവരാണ് മരിച്ചത്. ട്രെയിന്‍ വേഗത കുറക്കുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയതാണ് മരണത്തിന് കാരണമായത്. റെയില്‍വേ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് വയസുകാരി സഹറയുടെ ഉമ്മ കോഴിക്കോട്ട് പഠിക്കുകയാണ്. ഇവിടെ നിന്നും കുഞ്ഞുമായി കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു റഹ്‌മത്ത്. മരിച്ച നൗഫീഖ് ആക്കോട് നോമ്പു തുറ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. കോഴിക്കോട് നിന്നാണ് ഇയാള്‍ ട്രെയിന് കയറിയത്.പ്രതിക്കായി അന്വേഷണം ഊര്‍ജിതമാണ്. നിര്‍ണായക സാക്ഷി റാസിക്കിന്റെ സഹായത്തോടെ പ്രതിയുടെ രേഖചിത്രം പൊലീസ് തയ്യാറാക്കി പുറത്തു വിട്ടു.പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്നാണ് സാക്ഷി റാസിക്കില്‍ നിന്നും ലഭിച്ച സൂചന. പ്രതിയുടേതെന്ന് കരുതുന്ന ഒരു ബാഗും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പെട്രോള്‍ അടങ്ങിയ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ദിനചര്യ കുറിപ്പ്, ഇയര്‍ഫോണും കവറും, രണ്ട് മൊബൈല്‍ ഫോണുകള്‍, ഭക്ഷണമടങ്ങിയ ടിഫിന്‍ ബോക്സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പഴ്സ്, ടീ ഷര്‍ട്ട്, തോര്‍ത്ത്, കണ്ണട, കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് നോട്ട് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നോട്ട് ബുക്കിലെ കുറിപ്പില്‍ കാര്‍പെന്റര്‍ എന്ന വാക്ക് ആവര്‍ത്തിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.