Thursday, May 9, 2024
HealthkeralaNews

നിപ: ചികിത്സയില്‍ കഴിയുന്നവടെ പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവെന്ന് പരിശോധനയില്‍ കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വി ആര്‍ ഡി എല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതിനാല്‍ ഇവരുടെ സാംപിളുകള്‍ പുണെയിലേക്ക് അയക്കില്ല. നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരുടെ സാംപിളുകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചത്. നിപ സ്ഥീരീകരിച്ച സാഹചര്യത്തില്‍ മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്ന് ജില്ലയില്‍ എത്തും. പൂണെ വൈറോളജി ഇന്സ്റ്റിട്യൂറ്റില്‍ നിന്നുള്ള മൊബൈല്‍ പരിശോധനാ സംഘവും ഐസിഎംഅറില്‍ നിന്നുള്ള സംഘവും കോഴിക്കോട് എത്തും. പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ദ്ധരടങ്ങുന്നതാണ് കോഴിക്കോട് എത്തുന്ന മൂന്നാമത്തെ സംഘം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ഇവര്‍ യോജിച്ച് പ്രവര്‍ത്തിക്കും. അതിനിടെ കോഴിക്കോട് ഏഴ് പഞ്ചായത്തുകളിലെ 43 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിട്ടുണ്ട്.

ആയഞ്ചേരി പഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാര്‍ഡുകള്‍, മരുതോങ്കര പഞ്ചായത്തിലെ 1,2,3,4,5,12,13,14 വാര്‍ഡുകള്‍, തിരുവള്ളൂര്‍ പഞ്ചായത്തിലെ 1,2,20 വാര്‍ഡുകള്‍, കുറ്റ്യാടി പഞ്ചായത്തിലെ 3,4,5,6,7,8,9,10 വാര്‍ഡുകള്‍, കായക്കൊടി പഞ്ചായത്തിലെ 5,6,7,8,9 വാര്‍ഡുകള്‍, വില്യാപ്പള്ളി പഞ്ചായത്തിലെ 6,7 വാര്‍ഡുകള്‍, കാവിലുംപാറ പഞ്ചായത്തിലെ 2,10,11,12,13,14,15,16 വാര്‍ഡുകളുമാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്.