Friday, May 17, 2024
keralaNewsObituarypolitics

സുബൈര്‍ വധത്തില്‍ ബിജെപിക്കോ ആര്‍എസ്എസിനോ പങ്കില്ല; സി കൃഷ്ണകുമാര്‍

പാലക്കാട്: എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സുബൈറിന്റെ വധത്തില്‍ ബിജെപിക്കോ ആര്‍എസ്എസിനോ പങ്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍.

സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ തിരിച്ചടി എന്ന നിലയിലുള്ള പ്രചാരണം ശരിയല്ല. സഞ്ജിത്തിന്റെ മരണ ശേഷം സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് ബിജെപി ശ്രമിച്ചത്.

സഞ്ജിത്തിന്റെ കാര്‍ എങ്ങനെ പ്രതികള്‍ക്ക് കിട്ടി എന്ന കാര്യം പോലീസാണ് അന്വേഷിക്കേണ്ടതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

കൊലപാതകത്തില്‍ പങ്കില്ലെന്ന് ബിജെപി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന്റെ പേരില്‍ നാട്ടില്‍ കലാപമുണ്ടാക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് എസ്.ഡി.പി.ഐ സംഘടനകള്‍ ശ്രമിക്കുന്നത്.

ജില്ലയില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ചിലരുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. പ്രസ്തുത സംഭവത്തില്‍ പാര്‍ട്ടിക്കോ പ്രവര്‍ത്തകര്‍ക്കോ യാതൊരു പങ്കുമില്ലെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ കെ.എം ഹരിദാസ് അറിയിച്ചു.

പാലക്കാട് എലപ്പുള്ളിയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവ് കൊല്ലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് എലപ്പുള്ളി ഏരിയ പ്രസിഡന്റ് കുത്തിയോട് സ്വദേശി സുബൈറാണ് (47) മരിച്ചത്.

മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം മടങ്ങുന്നതിനിടെ സുബൈറിന് വെട്ടേല്‍ക്കുകയായിരുന്നു.