Saturday, May 18, 2024
keralaNewspolitics

കോടിയേരി ബാലകൃഷ്ണന്റെ അവധി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബാധിക്കില്ല ;എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

 

കോടിയേരി ബാലകൃഷ്ണന്റെ അവധി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബാധിക്കില്ലെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പാര്‍ട്ടി കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ട് പോകുകയാണെന്നും കോടിയേരി മാറി നില്‍ക്കുന്നത് കൂടുതല്‍ ചികിത്സ ആവശ്യമുള്ളത് കൊണ്ടാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സെക്രട്ടറിയുടെ മാറ്റം പാര്‍ട്ടിയെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെയും ബാധിക്കില്ലെന്നാണ് മുതിര്‍ന്ന നേതാവ് അവകാശപ്പെടുന്നത്.

കോടിയേരിക്ക് ഇനിയും തുടര്‍ച്ചയായ ചികിത്സ വേണം, പല കാര്യങ്ങളും നിര്‍വ്വഹിക്കുകയും നേരിട്ട് ഇടപെടുകയും ചെയ്യേണ്ട സാഹചര്യത്തിലാണ് ഒരാള്‍ക്ക് ചുമതല നല്‍കുന്നത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ സഖാവ് കോടിയേരി ബാലകൃഷ്ണന്‍ തന്റെ അസുഖവുമായി ബന്ധപ്പെട്ട് അവധി വേണമെന്ന് ആവശ്യപ്പെട്ടു. കുറച്ച് കൂടി തുടര്‍ച്ചയായ ചികിത്സ വേണമെന്നാണ് കോടയേരി സെക്രട്ടേറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ലീവ് ആവശ്യമാണെന്നത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഈ സാഹചര്യത്തില്‍ സഖാവ് എ വിജയരാഘവനെ ചുമതലപ്പെടുത്തി. എം വി ഗോവിന്ദന്‍ വിശദീകരിച്ചു.
ബിനീഷിനെതിരായ കേസുകളാണോ മാറ്റത്തിന് കാരണമെന്ന് ചോദിച്ചപ്പോള്‍ മകനെതിരായ ആരോപണങ്ങളെ പറ്റി പാര്‍ട്ടിയും കോടിയേരിയും നേരത്തേ വ്യക്തമാക്കിയതാണെന്നായിരുന്നു മറുപടി. നേരത്തേ രണ്ട് തവണ ചികിത്സയ്ക്ക് പോയപ്പോഴും ചുമതല ആരെയും ഏല്‍പ്പിച്ചില്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കുറച്ച് കൂടി ചികിത്സ ആവശ്യമാണെന്നായിരുന്നു മറുപടി.