Thursday, April 18, 2024
keralaNews

പരമ്പരാഗത കാനനപാത ;എരുമേലിയിൽ  ദേവസ്വം ബോർഡ് പ്രസിഡന്റ്  ഉദ്ഘാടനം ചെയ്യും.

എരുമേലി : ശബരിമല തീർത്ഥാടനത്തിന് ഭാഗമായുള്ള  മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  തുറന്ന ശബരിമല തീർത്ഥാടകരുടെ പരമ്പരാഗത കാനനപാതയായ എരുമേലി വഴിയുള്ള യാത്ര നാളെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  അഡ്വ.കെ അനന്തഗോപൻ അയ്യപ്പഭക്തരെ  സ്വീകരിച്ച് ഉദ്ഘാടനം ചെയ്യും.രാവിലെ 9.30ന് പേട്ട കൊച്ചമ്പലത്തിൽ വച്ച് തീർഥാടകരെ സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.
ദേവസ്വം ബോർഡിന്റെ  നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് സർക്കാർ പരമ്പരാഗത കാനനപാത തുറക്കുന്നതിന് അനുമതി നൽകിയത്. എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാതയും,പമ്പയിൽ നിന്നുള്ള കരിമല വഴിയുള്ള കാനനപാതയും  തുറക്കുന്നതിനായി ദേവസ്വംബോർഡ് സർക്കാരിൽ വലിയ സമ്മർദ്ദമാണ് നൽകിയിരുന്നത് .നാളെ രാവിലെ  5.30 മുതൽ 10 30 വരെ  പാതകളിൽ  ശരണമന്ത്രങ്ങൾ ഉയരും.എന്നാൽ എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാതയിലെ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ  അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. മുൻകാലങ്ങളിലേതുപോലെ ഓക്സിജൻ പാർലറുകൾ, കുടിവെള്ള വിതരണം, അന്നദാനം, വൈദ്യപരിശോധന അടക്കം  നിരവധി സൗകര്യങ്ങളാണ് പാതയിൽ ഒരുക്കേണ്ടത്.