Friday, May 17, 2024
keralaNewspolitics

സെക്രട്ടറി സ്ഥാനം കണ്ണൂര്‍ ലോബിക്ക് പുറത്തേക്ക്…

എല്ലാ പ്രതിസന്ധിയിലും കൂടെ നിന്ന മുഖ്യമന്ത്രി പിണറായി വിജയനടക്കം സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന നിലപാടിലേക്ക് വന്നതോടെയാണ് തെരഞ്ഞെടുപ്പ് ചൂടിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്ഥാനമൊഴിയേണ്ടി വന്നത്.ഇന്ന് രാവിലെ ചേര്‍ന്ന സിപിഎം അവൈലബിള്‍ പിബിയില്‍ തന്റെ രാജിസന്നദ്ധത കോടിയേരി അറിയിച്ചു. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുമായി കോടിയേരി ഇക്കാര്യം ചര്‍ച്ച ചെയ്തു. കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ലെന്ന നിലപാടാണ് പ്രകാശ് കാരാട്ട് സ്വീകരിച്ചത്. എന്നാല്‍ തീരുമാനത്തില്‍ കോടിയേരി ഉറച്ചു നിന്നു.

അങ്ങനെയെങ്കില്‍ മറ്റൊരാളുടെ പേര് നിര്‍ദേശിക്കാന്‍ കേന്ദ്ര നേതൃത്വം തന്നെ കോടിയേരിയോട് ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് കോടിയേരി കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ എ.വിജയരാഘവന്റെ പേര് നിര്‍ദേശിച്ചത്. പിബി യോഗത്തിനെത്തും മുന്‍പ് തന്നെ സ്ഥാനമൊഴിയാനുള്ള തീരുമാനം കോടിയേരി മുഖ്യമന്ത്രിയെ അറിയിച്ചുവെന്നാണ് സൂചന.

പിന്നീട് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി തന്നെയാണ് സ്ഥാനമൊഴിയുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിജയരാഘവന്റെ പേര് പകരക്കാരനായി കോടിയേരി നിര്‍ദേശിച്ചപ്പോഴും വലിയ ചര്‍ച്ചകളൊന്നുമില്ലാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആ തീരുമാനവും അംഗീകരിക്കുകയായിരുന്നു. കോടിയേരി മാറി നില്ക്കണമെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് താല്പര്യമുണ്ടായിരുന്നു.കോടിയേരിക്ക് പകരം എ.വിജയരാഘവന്‍ സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നതോടെ താത്കാലികമായി കണ്ണൂര്‍ ലോബിക്ക് പുറത്തുള്ള ഒരാളിലേക്ക് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ എത്തുകയാണ്. 1992-ല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന വിഎസ് അച്യുതാനന്ദനാണ് കണ്ണൂരിന് പുറത്തു നിന്നും അവസാനമായി സിപിഎം സെക്രട്ടറി സ്ഥാനത്ത് എത്തിയത്.