Thursday, May 2, 2024
keralaNews

മകള്‍ തിരിച്ചെത്തി; 17 വര്‍ഷങ്ങള്‍ക്കു ശേഷം

വാഹനത്തില്‍ നിന്നിറങ്ങി മഴച്ചാറ്റലിലൂടെ അടുത്തേക്കു നടന്നു വന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കാളിയുടെ അമ്മമനസ്സ് തുടിച്ചു. താന്‍ പ്രസവിച്ച് 6 വയസ്സുവരെ വളര്‍ത്തിയ മകളാണ് വരുന്നത്. 17 വര്‍ഷങ്ങള്‍ക്കു ശേഷം. കാളിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

സുരേഷ് കുട്ടിയെ വണ്ടൂരിലെ ബാലസദനത്തിലാക്കി മുങ്ങി. ബാലസദനത്തില്‍നിന്നു പഠിച്ച പ്രിയ അടുത്തിടെ ഒരു ലേഡീസ് ഹോസ്റ്റലിലേക്ക് മാറി. ഇതിനിടെ യാദൃച്ഛികമായി വണ്ടൂര്‍ മുന്‍ പഞ്ചായത്തംഗവും ആശാവര്‍ക്കറുമായ വി. രജനിയെ കണ്ടുമുട്ടിയപ്പോള്‍ ജീവിതകഥ വിവരിച്ചു. അമ്മയും സഹോദരങ്ങളും വയനാട്ടില്‍ പനമരത്ത് എവിടെയോ വനാതിര്‍ത്തിയിലാണെന്നും അറിയിച്ചു.

നീര്‍വാരം അമ്മാനി പുലയന്‍മൂല കോളനിയിലെ കാളിയുടെ 3 മക്കളില്‍ 6 വയസ്സുകാരി പ്രിയയുമായി 17 വര്‍ഷം മുന്‍പ് ഭര്‍ത്താവായ പി.കെ. സുരേഷ് നാടുവിട്ടു. മകളും ഭര്‍ത്താവും എങ്ങോട്ടു പോയെന്നറിയാതെ കാളി രാവും പകലും അലഞ്ഞു നടന്നു.

ബന്ധുവും താളൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ ഇ.പി. വിനോദിനോട് ഇക്കാര്യം പറഞ്ഞ രജനി, പ്രിയയുടെ അമ്മയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. വിനോദ് അഞ്ചുകുന്ന് ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗമായ രാഹുല്‍ രാജിനോടും പനമരം പഞ്ചായത്തംഗമായ വി.സി അജിത്തിനോടും വിവരം പറഞ്ഞു.

പനമരം പഞ്ചായത്തംഗങ്ങളായ കാഞ്ഞിരത്തിങ്കല്‍ ഷിബു, കല്യാണി എന്നിവരുടെ സഹായത്തോടെ പ്രിയയുടെ വീടും വീട്ടുകാരെയും കണ്ടെത്തി. തുടര്‍ന്നാണു പ്രിയയും മറ്റും 13ന് വീട്ടിലെത്തി അമ്മയെയും സഹോദരങ്ങളെയും കണ്ടത്. തുടര്‍പഠനത്തിനായി പ്രിയ വണ്ടൂരിലേക്ക് തന്നെ മടങ്ങി. പി.ജി സംസ്‌കൃതം അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്.