Thursday, May 2, 2024
keralaNews

ശബരിമലയില്‍ ഏലക്കയില്ലാത്ത അരവണ വിതരണം തുടങ്ങി

ശബരിമല: അരവണയില്‍ ഉപയോഗിച്ച ഏലക്കായില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതോടെ ഇന്നലെ വിതരണം നിര്‍ത്തിയ അരവണ വിതരണം പുനരാരംഭിച്ചു. പുലര്‍ച്ചെ മൂന്നര മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്. ഇന്നലെ അരവണ വിതരണം നിര്‍ത്തിവെച്ചത് ഭക്തരെ വലിയ തോതില്‍ നിരാശരാക്കിയിരുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് പുലര്‍ച്ചെ തന്നെ ഭക്തര്‍ക്ക് ഏലക്കയില്ലാത്ത അരവണ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെ അരവണ വാങ്ങാന്‍ ഭക്തരുടെ നീണ്ട ക്യൂ ഉണ്ടായി. ഏലക്ക പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ദേവസ്വം ബോര്‍ഡ് ശ്രമം തുടങ്ങി. ജൈവ ഏലക്കയ്ക്കായാണ് ഇപ്പോള്‍ അന്വേഷണം. കോടതി ഇന്നലെ ഈ സാധ്യത തേടിയിരുന്നു. കീടനാശിനിയുടെ അംശം കണ്ടെത്തി തുടര്‍ന്ന് ശബരിമലയില്‍ അരവണ നിര്‍മ്മാണം ഇന്നലെ നിര്‍ത്തിവച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപന്‍ അറിയിച്ചിരുന്നു.നല്ല ഏലക്ക കിട്ടിയില്ലെങ്കില്‍ ഏലക്ക ഇല്ലാതെ അരവണ നിര്‍മ്മിച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഇന്ന് രാവിലെ മുതല്‍ പുതിയ അരവണ നിര്‍മ്മിച്ച് വിതരണം തുടങ്ങിയത്.