Friday, May 17, 2024
keralaNewsObituary

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് ആര്‍.ബാലകൃഷ്ണ പിള്ള അന്തരിച്ചു

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ ആര്‍.ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഞായറാഴ്ച വൈകിട്ടോടെയാണു മോശമായത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം. മൃതദേഹം കൊട്ടാരക്കരയിലെ വീട്ടിലും എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഓഫിസിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് അഞ്ചിന് വാളകത്തെ വീട്ടുവളപ്പില്‍.

കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍, മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമാണ്. മകനും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാറിനായി പത്തനാപുരത്തെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്.

ഗണേഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ച് വിശ്രമത്തിലായതോടെ ബാലകൃഷ്ണപിള്ളയാണ് പത്തനാപുരത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ചതും മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും. ശ്രീമൂലം പ്രജാസഭാംഗമായിരുന്ന വാളകം കീഴൂട്ട് രാമന്‍പിള്ളയുടെയും കാര്‍ത്യായനിയമ്മയുടെയും മകനായി 1934 ഏപ്രില്‍ ഏഴിന് കൊട്ടാരക്കരയിലെ വാളകത്താണ് ബാലകൃഷ്ണപിളളയുടെ ജനനം.

വിദ്യാര്‍ഥിയായിരിക്കെ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായി പൊതുപ്രവര്‍ത്തന രംഗത്തെത്തി. തിരുവിതാംകൂര്‍ സ്റ്റുഡന്റ്‌സ് യൂണിയനില്‍ (പിന്നീട് തിരുകൊച്ചി വിദ്യാര്‍ഥി ഫെഡറേഷന്‍) പ്രവര്‍ത്തിച്ചു. പിന്നീട് കോണ്‍ഗ്രസില്‍ അണിചേര്‍ന്ന് കെപിസിസി ഐഎസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റികളില്‍ അംഗമായി. 1964 ല്‍ കെ.എം.ജോര്‍ജിനൊപ്പം കേരള കോണ്‍ഗ്രസിന് രൂപം നല്‍കി കോണ്‍ഗ്രസ് വിട്ടിറങ്ങിയ 15 നിയമസഭാംഗങ്ങളില്‍ ഒരാളായി.

ജോര്‍ജ് ചെയര്‍മാനായ കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായി. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക സംസ്ഥാന കമ്മിറ്റി ഭാരവാഹികളില്‍ ജീവിച്ചിരുന്നവരില്‍ അവസാനത്തെയാള്‍ കൂടിയായിരുന്നു അദ്ദേഹം. കെ.എം.ജോര്‍ജിന്റെ മരണത്തിനു പിന്നാലെ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടര്‍ന്നു കേരള കോണ്‍ഗ്രസ് പിളരുകയും 1977 ല്‍ ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ് (ബി) രൂപീകരിക്കുകയും ചെയ്തു.