Friday, May 10, 2024
keralaNews

കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; അന്വേഷണം ആവശ്യപ്പെട്ട് യുവമോര്‍ച്ച

ഏഴു പേരില്‍ നിന്നും തട്ടിയെടുത്തത് 30 ലക്ഷത്തോളം രൂപ

കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പരാതിയില്‍ സമഗ്ര അന്വേഷണം വേണമെന്ന് യുവമോര്‍ച്ച. പാലാ, തൊടുപുഴ സ്വദേശികളായ ഏഴു പേരില്‍ നിന്നും 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി. ജില്ലയിലെ ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള ഒരു സിപിഎമ്മുകാരനാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായവര്‍ കോട്ടയം എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
തട്ടിപ്പിനെക്കുറിച്ച് സമഗ്രഅന്വേഷണം വേണമെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.കേരള ബാങ്കില്‍ നടന്ന മുഴുവന്‍ നിയമനങ്ങളും അന്വേഷണ വിധേയമാക്കണം. ഭരണസ്വാധീനം ഉപയോഗിച്ച് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന പാര്‍ട്ടി ഏജന്റുമാരെയും നേതാക്കളെയും നിയമത്തിനുമുമ്ബില്‍ കൊണ്ടുവരാന്‍ അധികാരികള്‍ തയ്യാറാവണം.

പണം വാങ്ങിയയാള്‍ തട്ടിപ്പിനിരയായവരുമായി എഗ്രിമെന്റും ഒപ്പുവെച്ചിട്ടുണ്ട്. നൂറു രൂപ മുദ്രപത്രത്തിലാണ് എഗ്രിമെന്റ് തയ്യാറാക്കിയിരിക്കുന്നത്. എട്ട് ലക്ഷം തുകയുടെ ബാലന്‍സ് തുകയായ 3.5 ലക്ഷം രൂപ ജോലികിട്ടിയതിന് ശേഷം മാസാമാസം സാലറിയില്‍ നിന്നും പിടിക്കുമെന്നും, 2020 സെപ്റ്റംബര്‍ 19ന് ഇന്റര്‍വ്യൂ നടത്തി അപ്പോയ്മെന്റ് ഓര്‍ഡര്‍ തപാല്‍ വഴി നല്‍കുമെന്നും ഒരു എഗ്രിമെന്റില്‍ പറയുന്നുണ്ടെന്നും അഖില്‍ രവീന്ദ്രന്‍ ആരോപിച്ചു. ഈ തട്ടിപ്പില്‍ സിപിഎം സംസ്ഥാന ജില്ലാ നേതാക്കളുടെ പങ്കും അന്വേഷണവിധേയമാക്കണമെന്നും അഖില്‍ രവീന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.