Monday, April 29, 2024
keralaNewspolitics

കേരളം ഭരിക്കുന്നത് പിന്‍വാതില്‍ സര്‍ക്കാരാണ് പ്രതിപക്ഷം

തിരുവനന്തപുരം : പിന്‍വാതില്‍ നിയമനത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷത്തിന്റെ നോട്ടീസിന് പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. നിയമങ്ങളെ കുറിച്ച് നടക്കുന്നത് വ്യാജ പ്രചാരണമാണെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ പ്രതികരണം. നിയമനങ്ങളെ കുറിച്ച് ആസൂത്രിത നുണ പ്രചരണം നടക്കുന്നു. അതിശയോക്തിയും അതിവൈകാരികതയും ചേര്‍ത്ത് അവതരിപ്പിക്കുന്നു. ഉദ്യോഗാര്‍ത്ഥികളോട് അനീതി ചെയ്‌തെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ഇത് ജനം മുഖവിലക്കെടുക്കില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ കാലം മുതല്‍ തന്നെ ഇത്തരം പ്രചാരണം നടക്കുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫ് നേതാക്കള്‍ ജോലിക്കായി നിര്‍ദേശിച്ച കത്തുകളും എം ബി രാജേഷ് സഭയില്‍ വായിച്ചു. എന്നാല്‍ പിഎസ്സിയേയും, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനേയും നോക്കുകുത്തിയാക്കിയാണ് പിന്‍വാതില്‍ നിയമനം നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അനധികൃത നിയമനങ്ങള്‍ നടക്കുന്നത് ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.              ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1.61 ലക്ഷം നിയമനങ്ങള്‍ നടന്നുവെന്ന് മന്ത്രി സഭയെ അറിയിച്ചു. ഇടത് സര്‍ക്കാര്‍ ആറര വര്‍ഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങള്‍ നടത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ 18000 കൂടുതലാണിത്. ബോര്‍ഡും കോര്‍പറേഷനും അടക്കം 55 സ്ഥാപനങളിലെ നിയമനം കൂടി പിഎസ് സിക്ക് വിട്ടു. കൊവിഡ് കാലത്ത് എല്ലാം അടഞ്ഞ് കിടന്നപ്പോഴും പിഎസ് സി തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. സംസ്ഥാനത്ത് പുതിയതായി 181 ഐടി കമ്പനികള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെന്നും മന്ത്രി സഭയെ അറിയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറുടേതെന്ന് പറയപ്പെടുന്ന കത്തിനെ ചൊല്ലിയാണ് വിവാദമത്രയുമുണ്ടാകുന്നത്. എഴുതിയിട്ടില്ലെന്നും കിട്ടിയിട്ടില്ലെന്നും പറയുന്ന കത്തിനെ ചൊല്ലിയാണ് വിവാദം. താല്‍കാലിക നിയമങ്ങള്‍ക്കെല്ലാം കൃത്യമായ മാനദണ്ഡങ്ങളുണ്ട്. സര്‍ക്കാര്‍ ഇടപെടാറില്ല. മൂന്ന് തവണയാണ് അവിടെ നിയമനത്തിന് അപേക്ഷ വിളിച്ചത്. അതെങ്ങനെ പിന്‍വാതില്‍ നിയമനമാകുകയെന്നും മന്ത്രി വിശദീകരിച്ചു. നിയമനം വിവാദമായപ്പോഴാണ് തദ്ദേശ ഭരണ വകുപ്പ് ഇടപെട്ട് എംപ്ലോയ്‌മെന്റെ എക്‌സ്‌ചേഞ്ചിന് വിട്ടത്. അനധികൃത നിയമനം ഉണ്ടെങ്കില്‍ അത് അന്വേഷണത്തിലൂടെ പുറത്ത് കൊണ്ട് വരും. അടിയന്തര പ്രമേയ ചര്‍ച്ച വേണ്ടെന്നും മന്ത്രി എംബി രാജേഷ് സഭയില്‍ നിലപാടെടുത്തു.മറുപടി നല്‍കിയ പ്രതിപക്ഷ എംഎല്‍എ പിസി വിഷ്ണുനാഥ്, 30 ലക്ഷത്തോളം പേര്‍ തൊഴിലിന് കാത്ത് നില്‍ക്കുന്നതായി സഭയെ അറിയിച്ചു. പിന്‍വാതില്‍ നിയമനത്തിന് പ്രത്യേക റിക്രൂട്ടിങ് കമ്മിറ്റി ഉണ്ടാക്കിയെന്നും വിഷ്ണുനാഥ് ആരോപിച്ചു. മേയരുടെ കത്ത് വ്യാജമാണെന്ന് മന്ത്രി എങ്ങനെ പറയുന്നുവെന്ന ചോദ്യവും എംഎല്‍എ ഉയര്‍ത്തി. വ്യാജ കത്താണെന്ന് ആരോപണവിധേയയായ മേയര്‍ പോലും പറഞ്ഞിട്ടില്ല. പിന്നെങ്ങനെ മന്ത്രി വ്യാജ കത്തെന്ന് പറയും. എഴുതിയ ആള്‍ എഴുതിയിട്ടുണ്ടെന്ന് സമ്മതിച്ച കത്ത് വേറെയുമുണ്ടെന്നും ഡിആര്‍ അനിലിന്റെ കത്ത് സൂചിപ്പിച്ച് വിഷ്ണുനാഥ് പറഞ്ഞു. കേരളം ഭരിക്കുന്നത് പിന്‍വാതില്‍ സര്‍ക്കാരാണ്. പട്ടിപിടുത്തക്കാര്‍ മുതല്‍ യൂണിവേഴ്‌സിറ്റി വിസിമാര്‍ വരെ ‘കത്തുമായെത്തി ‘ ജോലി നേടുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പിന്‍വാതില്‍ നിയമനത്തില്‍ യുഡിഎഫ് അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.