Friday, May 3, 2024
indiakeralaNews

കേരളത്തില്‍നിന്നുള്ളവര്‍ക്ക് നിയന്ത്രണം: കര്‍ണാടക അതിര്‍ത്തികള്‍ അടയ്ക്കുന്നു

കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടക വീണ്ടും അതിര്‍ത്തികള്‍ അടയ്ക്കുന്നു. കാസര്‍കോട് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാം അടച്ചു. ബസ് യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് രേഖ നിര്‍ബന്ധമാക്കി. രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ക്കു നിയന്ത്രണമില്ല. വയനാട് ബാവലി ചെക്ക്‌പോസ്റ്റില്‍ കേരള വാഹനങ്ങള്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി. ഇന്നു മുതല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് കര്‍ണാടക അറിയിച്ചു.

ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയാണു ബാവലിയില്‍ കര്‍ണാടക ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടത്. ഇതോടെ കേരളത്തിലേക്ക് വന്ന കര്‍ണാടക വാഹനങ്ങളും യാത്രക്കാര്‍ തടഞ്ഞു. തുടര്‍ന്നു പ്രാദേശിക രാഷ്ട്രീയ നേതാക്കളും പൊലീസും ചേര്‍ന്നു ചര്‍ച്ച നടത്തി കര്‍ശന ഉപാധികളോടെ വാഹനങ്ങള്‍ കടത്തിവിട്ടു. ഇനി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. നിത്യോപയോഗ സാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ 15 ദിവസം കൂടുമ്പോള്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത്തരം വാഹനങ്ങളുടെ വിവരങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ റജിസ്റ്റര്‍ ചെയ്തശേഷമാണ് കടത്തിവിടുന്നത്. എന്നാല്‍ വയനാട് കര്‍ണാടക അതിര്‍ത്തിയിലെ മറ്റ് ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടില്ല.