Saturday, April 27, 2024
Local NewsNewsObituary

കാട്ടുപോത്ത് ആക്രമണം : കണമലയില്‍ നാട്ടുകാരും വനപാലകരും ഏറ്റുമുട്ടലിന്റെ വക്കിലെന്ന് അഭിഭാഷക സംഘം

എരുമേലി : കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് കര്‍ഷകര്‍ കൊല്ലപ്പെട്ട കണമലയില്‍ നാട്ടുകാരും വനം വകുപ്പും തമ്മില്‍ ശത്രുത അന്തരീഷം നിലനില്‍ക്കുകയാണെന്ന് അഭിഭാഷക സംഘത്തിന്റെ വിലയിരുത്തല്‍. നിലവില്‍ വന്യ മൃഗ ആക്രമണമുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. 800 ലധികം വിദ്യാത്ഥികള്‍ പഠിക്കുന്ന കണമല സ്‌കൂളില്‍ വനമേഖലയില്‍ നിന്ന് വരുന്ന കുട്ടികളുടെ മാതാപിതാക്കള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ അനന്തരാവകാശികള്‍ക്ക് സര്‍ക്കാര്‍ ജോലി ഉള്‍പ്പടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിക്കണം. ഇത് സംബന്ധിച്ച് നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ സഹായവും നല്‍കുമെന്ന് അഭിഭാഷക സംഘം അറിയിച്ചു. കേരള ബാര്‍ കൗണ്‍സില്‍ അംഗമായ സംസ്ഥാന ലോയേഴ്സ് ഫോറം പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷാ യുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നിന്നുള്ള അഭിഭാഷക സംഘമാണ് സ്ഥലത്തെത്തിയത്. വന്യ മൃഗങ്ങളുടെ കാടിറക്കം തടയാന്‍ ഉടനെ നടപ്പിലാക്കാന്‍ കഴിയുന്ന ഫലപ്രദമായ മാര്‍ഗം നാട്ടുകാരും വനം വകുപ്പും പരസ്പര സഹകരണത്തോടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളാണെന്ന് സംഘം പറഞ്ഞു. നിബിഡ വനമേഖല ആയിട്ടും കാട്ടില്‍ തീറ്റ ഇല്ലാഞ്ഞിട്ടാണ് സസ്യഭോജികളായ ആനയും പോത്തും വരെ കാടിറങ്ങി നാട്ടില്‍ എത്തുന്നത്. വന്യ ജീവികളുടെ എണ്ണം കൂടുകയും വനത്തില്‍ ഭക്ഷണം ഇല്ലാതാകുകയും ചെയ്തതോടെ അതിന്റെ ഇരയായി കര്‍ഷകര്‍ കൊല്ലപ്പെടുന്ന സാഹചര്യമാണ് നിലവിലെ സ്ഥിതിയെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് സംഘം വിലയിരുത്തി. മുഖ്യമന്ത്രി അധ്യക്ഷനായ വനം വന്യ ജീവി സംരക്ഷണ ബോര്‍ഡിന്റെ യോഗം അടിയന്തിരമായി ചേര്‍ന്ന് എയ്ഞ്ചല്‍വാലി, പമ്പാവാലി, തുലാപ്പള്ളി, മൂക്കന്‍പെട്ടി പ്രദേശങ്ങളിലെ ഇത്തരം സ്ഥിതിഗതികള്‍ പഠിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കി നിയമനിര്‍മ്മാണമുള്‍പെടെയുള്ള നടപടി സ്വീകരിക്കേണ്ടതുണ്ട്. അപൂര്‍വമായി മാത്രം വന്യ ജീവി ബോര്‍ഡിന്റെ യോഗം ചേരുന്ന പ്രവണത തിരുത്തണം. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും ജനപ്രതിനിധികളെയും കര്‍ഷകരെയും ഉള്‍പ്പെടുത്താതെയും ഏകപക്ഷീയമായാണ് വനം വകുപ്പിന്റെ വിവിധ സമിതികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ശത്രുക്കളോടെന്ന പോലെ വനം ഉദ്യോഗസ്ഥര്‍ പെരുമാറുന്നതായും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. പ്രദേശത്തെ വന മേഖലയുടെ നിലവിലുള്ള സ്ഥിതി വിവരം സംബന്ധിച്ച് സര്‍ക്കാര്‍ കണക്കെടുപ്പ് നടത്തണം. വന്യ മൃഗങ്ങള്‍ പെരുകിയെന്ന് എന്ന സത്യം വിസ്മരിച്ചിട്ട് കാര്യമില്ല. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മുഴുവന്‍ വന്യ മൃഗങ്ങളുടെയും സ്ഥിതി വിവര കണക്ക് ശേഖരിച്ച് പ്രസിദ്ധീകരിക്കണം. മൃഗങ്ങളുടെ വംശ വര്‍ദ്ധനവ് പെരുകിയിട്ടുണ്ടെങ്കില്‍ സ്ഥിതി ആപല്‍ക്കരമാണ്. മൃഗങ്ങള്‍ നാട്ടിലിറങ്ങാതിരിക്കണമെങ്കില്‍ മൃഗങ്ങള്‍ക്കുള്ള ആവാസ വ്യവസ്ഥ കാട്ടിലുണ്ടാകണം. മൃഗങ്ങള്‍ എന്തുകൊണ്ടാണ് നാട്ടിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്ന ശാസ്ത്രീയമായ അന്വേഷണം അനിവാര്യമാണ്. സ്വാഭാവിക വനം വെട്ടിത്തെളിച്ച് തേക്ക് കൂപ്പുകള്‍, യൂക്കാലി ഉള്‍പ്പടെ പ്ലാന്റഷനുകള്‍ വര്‍ധിച്ചപ്പോള്‍ മൃഗങ്ങള്‍ക്ക് തീറ്റ ലഭിക്കാതെയായെന്നാണ് വിലയിരുത്തല്‍. ഇത് ശരിയാണോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം. വനാതിര്‍ത്തികളില്‍ സൂര്യപ്രകാശ വൈദ്യുതി കൊണ്ട് ചെറിയ ഷോക്ക് നല്‍കി മൃഗങ്ങളെ കാട്ടിലേക്ക് തിരികെ വിടാന്‍ സഹായിക്കുന്ന സോളാര്‍ വേലികള്‍ പല സ്ഥലത്തും പ്രവര്‍ത്തനരഹിതമാണ്. ഇവ പ്രവര്‍ത്തനസജ്ജമാക്കാതെ വീണ്ടും വേലികള്‍ സ്ഥാപിച്ചത് കൊണ്ട് പ്രയോജനമില്ല. വേലികളുടെ സംരക്ഷണ പരിപാലനം ഉറപ്പാക്കാന്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ജനകീയ സമിതികള്‍ക്ക് കൈമാറുന്നതാണ് ഉചിതമെന്ന് സംഘം അഭിപ്രായപ്പെട്ടു. കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സംഘം സന്ദര്‍ശിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കേരള ബാര്‍ കൗണ്‍സില്‍ അംഗവുമായ അഡ്വ. മുഹമ്മദ് ഷായെ കൂടാതെ അഭിഭാഷകരായ ജോസഫ് ജോണ്‍ (മുന്‍ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍), പീര്‍ മുഹമ്മദ് ഖാന്‍, സോണി തോമസ്, പി എച്ച് ഷാജഹാന്‍ എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തിയത്. ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയ സംഘം കണമല സെന്റ് തോമസ് ഇടവക പള്ളിയില്‍ എത്തി വികാരി ഫാ. മാത്യു നിരപ്പേലുമായി സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, ഡിസിസി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കല്‍, കണമല, എയ്ഞ്ചല്‍വാലി വാര്‍ഡ് അംഗങ്ങളായ മാത്യു ജോസഫ്, മറിയാമ്മ ജോസഫ്, ബഫര്‍ സോണ്‍ വിരുദ്ധ ജനകീയ സമിതി ഭാരവാഹി പി ജെ സെബാസ്റ്റ്യന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ്, റെജി അമ്പാറ, നൗഷാദ് കുറുങ്കാട്ടില്‍, വിജി മുഹമ്മദ്, കെ പി ബഷീര്‍ മൗലവി, രാജന്‍ നാലുമാവുങ്കല്‍, ഫിറോസ് കാസിം, സിയാദ് ഓമണ്ണില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.