Sunday, May 19, 2024
keralaNews

കളമശേരി മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റ് പ്രവര്‍ത്തിച്ചില്ല: മൃതദേഹം ചുമന്ന് താഴെയിറക്കി

കൊച്ചി: ലിഫ്റ്റ് പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ മൃതദേഹം ചുമന്ന് താഴെയിറക്കി.സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ മരിച്ചയാളുടെ കുടുംബം രംഗത്ത് വന്നു. കാലടി ശ്രീമൂലനഗരം സ്വദേശി 48കാരനായ സുകുമാരന്റെ മൃതദേഹമാണ് ചുമന്ന് താഴെയിറക്കേണ്ടി വന്നത്. പൊള്ളലേറ്റാണ് ഇദ്ദേഹം മരിച്ചത്.കളമശേരി മെഡിക്കല്‍ കോളേജിലെ മൂന്നാമത്തെ നിലയിലാണ് പൊള്ളലേറ്റയാളുകളെ ചികിത്സിക്കുന്ന വിഭാഗം പ്രവര്‍ത്തിക്കുന്നത്. 80 ശതമാനം പൊള്ളലേറ്റ സുകുമാരനെ ഇക്കഴിഞ്ഞ 19 ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുമ്പോഴും ലിഫ്റ്റ് പ്രവര്‍ത്തിച്ചിരുന്നില്ല. പിന്നീട് ഇദ്ദേഹത്തെ സ്ട്രച്ചറില്‍ കിടത്തി ചുമന്നാണ് മുകള്‍ നിലയിലേക്ക് കൊണ്ടുപോയത്.

തൊട്ടടുത്ത ദിവസം സുകുമാരന്‍ മരിച്ചു. അപ്പോഴും ചുമന്ന് തന്നെ മൃതദേഹം താഴെയിറക്കേണ്ടി വന്നതാണ് പ്രതിഷേധത്തിന് കാരണം. എന്നാല്‍ ലിഫ്റ്റ് കേടായത് കൊണ്ടല്ല ബുദ്ധിമുട്ട് ഉണ്ടായതെന്ന് മെഡിക്കല്‍ കോളേജ് വിശദീകരിക്കുന്നു. മെഡിക്കല്‍ കോളേജില്‍ പുതിയ ലിഫ്റ്റ് നിര്‍മാണം പുരോഗമിക്കുകയാണ്. ഇത് ഉടന്‍ പൂര്‍ത്തിയാകുമെന്നും അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധിക്കും.ലിഫ്റ്റ് ലഭ്യമല്ലാത്തത് കാരണം ആശുപത്രിയിലെ രണ്ട് ജീവനക്കാരും സുകുമാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാരും ചേര്‍ന്നാണ് മുകളിലേക്ക് ചുമന്നുകൊണ്ടുപോയത്. സമാനമായ നിലയിലാണ് ഇദ്ദേഹം മരിച്ച ശേഷം മൃതദേഹം താഴെയിറക്കിയതും.