Friday, May 3, 2024
indiaNewsworld

ഇറ്റാലിയന്‍ സൈനികര്‍ക്ക് എതിരായ നടപടി അവസാനിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

2012 ഫെബ്രുവരിയില്‍ ഇറ്റാലിയന്‍ സൈനികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍
ഇറ്റാലിയന്‍ സൈനികര്‍ക്ക് എതിരായ നിയമനടപടി അവസാനിപ്പിക്കണമെന്ന അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചെന്നും ഇന്ത്യ, ഇറ്റലി സര്‍ക്കാരുകള്‍ തമ്മിലുള്ള പ്രശ്‌നമായി മാറിയതിനാല്‍ ഉടെന ഇടപെടണമെന്നും സോളിസിറ്റര്‍ജനറല്‍ തുഷാര്‍ മെഹ്ത അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റെ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ്ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ച് അറിയിച്ചു.

ഇറ്റാലിയന്‍ സൈനികരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇന്ത്യക്ക് അധികാരമില്ലെന്ന് ഹേഗിലെ അന്താരാഷ്ട്ര തര്‍ക്കപരിഹാര കോടതി കഴിഞ്ഞവര്‍ഷം ഉത്തരവിട്ടു. കേന്ദ്രസര്‍ക്കാര്‍ അയഞ്ഞ നിലപാട് സ്വീകരിച്ചതാണ് ഹേഗില് ഇന്ത്യക്ക് തിരിച്ചടിയായത്. ഈ വിധിക്ക് എതിരെ അപ്പീല്‍ പോകാനും കേന്ദ്രസര്ക്കാര്‍ തയ്യാറായില്ല. നിയമനടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ജൂലൈയില്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്കി. സൈനികരെ ഇറ്റലിയില്‍ പ്രോസിക്യൂട്ട് ചെയ്യാമെന്നും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്നും ഇറ്റലി ഉറപ്പുനല്‍കിയെന്നും കേന്ദ്രം വാദിച്ചു. ഇരകളുടെ കുടുംബങ്ങളുടെ നിലപാട് അറിയണമെന്നും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാതെ നിയമനടപടി അവസാനിപ്പിക്കാനാകില്ലെന്നും കോടതി അറിയിച്ചിരുന്നു.