Wednesday, May 8, 2024
indiaNewsworld

റഫേലിന്റെ സാന്നിദ്ധ്യം ചൈനയുടെ ഉറക്കം കെടുത്തും: വ്യോമസേനാ മേധാവി. ബദൗരിയ

ഇന്ത്യന്‍ അതിര്‍ത്തികളെല്ലാം വ്യോമസേനയുടെ ശക്തമായ കാവലിലാണെന്നും റഫേലിന്റെ സാന്നിദ്ധ്യം ചൈനയുടെ ഉറക്കം കെടുത്തിയെന്നും വ്യോമസേനാ മേധാവി. ബംഗളൂരുവിലെ എയറോ ഇന്ത്യ ഷോയ്ക്കിടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തിനെ ബദൗരിയ ഓര്‍മ്മപ്പെടുത്തിയത്.
ലഡാക് കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ചൈന ജെ-20 വിമാനങ്ങള്‍ അവരുടെ അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുകയാണ്. എന്നാല്‍ ഫ്രഞ്ച് നിര്‍മ്മിതമായ അത്യാധുനിക റഫേല്‍ ഇന്ത്യ സ്വന്തമാക്കിയതോടെ ചൈനയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിയെന്നും ആര്‍.കെ.എസ് ബദൗരിയ പറഞ്ഞു.നിലവിലെ അവസ്ഥകളെല്ലാം ചര്‍ച്ചകളെ അടിസ്ഥാനമാക്കിയാണ്. അത് തുടരുകയാണ്. എന്നാല്‍ നമ്മുടെ സൈനികരേയും വിമാനങ്ങളേയും നാം വിന്യസിച്ചിരിക്കുകയാണ്. ഏറെ ജാഗ്രതയോടെയാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ തയ്യാറാണെന്നും ബദൗരിയ അറിയിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ്സ് വിമാനങ്ങളും എത്തുന്നതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ നിയന്ത്രണത്തില്‍ തന്നെ നില്‍ക്കുമെന്നും ബദൗരിയ പറഞ്ഞു.