Wednesday, May 1, 2024
indiaNews

ക്വാറിയില്‍ മണ്ണിടിഞ്ഞ് നിരവധിപ്പേര്‍ മണ്ണിനടിയിലെന്ന് സൂചന

ഹരിയാനയിലെ ബിവാനി ജില്ലയിലെ ഖനനപ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചലില്‍ നിരവധിപ്പേര്‍ മണ്ണിനടിയില്‍ പെട്ടതായി റിപ്പോര്‍ട്ട്. തോഷാം ബ്ലോക്കിലെ ഡാംഡം ഖനനപ്രദേശത്തെ മണല്‍ എടുക്കുന്ന ക്വാറിയിലാണ് മണ്ണിടിച്ചല്‍ സംഭവിച്ചത്. ജില്ല ഭരണകൂടം രക്ഷപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ഖട്ടാറിന്റെ ട്വീറ്റ് പ്രകാരം പ്രദേശിക ഭരണകൂടവുമായി രക്ഷപ്രവര്‍ത്തനം സംബന്ധിച്ച് നിരന്തരബന്ധം പുലര്‍ത്തുന്നതായി അറിയിച്ചു. ഒരു ജോലി സ്ഥലത്ത് നിന്നും മറ്റൊരു ജോലി സ്ഥലത്തേക്ക് നീങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് ദേശീയ ഏജന്‍സി നല്‍കുന്ന സൂചന.

മരണസംഖ്യയോ, പരിക്കേറ്റവരുടെ എണ്ണമോ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് ഹരിയാന കൃഷിമന്ത്രി ജെപി ദലാല്‍ പറയുന്നത്. ഇപ്പോള്‍ ജീവനുകള്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രക്ഷപ്പെടുത്തിയവരെ അടുത്തുള്ള ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ട്, ഹരിയാന മന്ത്രി അറിയിച്ചു. അതേ സമയം വലിയതോതിലുള്ള ഖനന പ്രവര്‍ത്തനങ്ങളാണ് ഡാഡം മേഖലയില്‍ നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രണ്ട് മാസത്തോളം ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്തിയ ഖനന നിരോധനം പിന്‍വലിച്ചത്. അതിനെ തുടര്‍ന്ന് മേഖലയില്‍ വെള്ളിയാഴ്ചയാണ് ഖനന പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചത്.