Saturday, May 4, 2024
keralaNews

ഗുരുവായൂര്‍ ക്ഷേത്രപരിചാരര്‍ക്ക് കൊറോണ; മേല്‍ശാന്തി നിരീക്ഷണത്തില്‍

ഗുരുവായൂര്‍ ക്ഷേത്ര പരിചാരകര്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ കൊറോണ പിടിമുറുക്കുന്നു.മേല്‍ശാന്തിയുടെ സഹായിക്ക് ഞായറാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ചു. മേല്‍ശാന്തിയോടൊപ്പം ക്ഷേത്രത്തില്‍ സഹായത്തിനെത്തിയ അദ്ദേഹത്തിന്റെ മകനും കൊറോണ സ്ഥിരീകരിച്ചതായാണ് വിവരം. മേല്‍ശാന്തിയെ സഹായിക്കാനെത്തിയതായിരുന്നു മകന്‍. സഹായിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്ഷേത്രം മേല്‍ശാന്തി നിരീക്ഷണത്തിലായി. സംഭവത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, മേല്‍ശാന്തി ഇന്നലെ മുതല്‍ നിരീക്ഷണത്തിലാണ്.

ഇന്നലെ രാവിലെ ശീവേലിക്കു ശേഷമാണ് അദ്ദേഹം നിരീക്ഷണത്തിലായത്. പുറപ്പെടാശാന്തിയായതിനാല്‍ മേല്‍ശാന്തി ക്ഷേത്രത്തിനകത്തെ അദ്ദേഹത്തിന്റെ മുറിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ചുറ്റമ്പലത്തിലേക്ക് പ്രവേശനം ആരംഭിച്ചതോടെ ക്ഷേത്രത്തില്‍ കൃഷ്ണനാട്ടം കളി തുടങ്ങി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കലാകാരന്മാര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ക്ഷേത്രം കീഴ്ശാന്തിമാരുമായോ, താന്ത്രികാചാര്യന്മാരുമായോ കൂടിയാലോചനകളില്ലാതെയാണ് ദേവസ്വം ചെയര്‍മാന്‍ ക്ഷേത്രം നാലമ്ബലത്തിനകത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് തുടക്കത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. കൂടിയാലോചനകളില്ലാതെ എടുത്ത തീരുമാനത്തില്‍ ഉറച്ചുനിന്നതുകൊണ്ട്, ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങിക്കഴിയുന്ന മേല്‍ശാന്തിക്കു വരെ നിരീക്ഷണത്തിലാകേണ്ടിവന്നുവെന്ന് ക്ഷേത്രത്തിലെ പ്രബലവിഭാഗം ജീവനക്കാരും, ഭക്തജനങ്ങളും ആരോപിച്ചു.

നാലമ്പലത്തിനകത്തേക്കുള്ള ഭക്തരുടെ പ്രവേശനത്തെചൊല്ലി ക്ഷേത്രം പരിചാരകരില്‍ തുടക്കത്തിലെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. അത് വകവയ്ക്കാതെ ഭക്തരെ നാലമ്പലത്തിനകത്തേക്ക് കയറ്റിയതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് കാരണമായത്. ചെയര്‍മാനെടുത്ത ഈ തീരുമാനത്തിനെതിരെ ക്ഷേത്രം പരിചാരകരുടെ എതിര്‍പ്പ് ശരിവയ്ക്കും വിധമാണ് മേല്‍ശാന്തിക്കിപ്പോള്‍ നിരീക്ഷണത്തില്‍ പോകേണ്ടി വന്നത്.
ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്കുള്ള പ്രവേശനത്തിനോടൊപ്പം, തൊട്ടടുത്ത ദിവസം തന്നെ സോപാനപടിക്കരികില്‍ നിന്ന് ദര്‍ശനം നടത്താനും ദേവസ്വം തീരുമാനമെടുക്കുകയായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തന്നിഷ്ടപ്രകാരം എടുത്ത ചെയര്‍മാന്റെ തീരുമാനത്തില്‍ തുടക്കത്തില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചില ക്ഷേത്രം ജീവനക്കാര്‍ക്ക് അടുത്ത ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചതോടെ നാലമ്പലത്തിനകത്തേക്കുള്ള പ്രവേശനവും ഇന്നലെ മുതല്‍ നിര്‍ത്തി.