Monday, May 6, 2024
NewsSportsworld

ഫിഫ ലോകകപ്പ്: ബെല്‍ജിയത്തിന് ജയം

ദോഹ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫില്‍ ലോക രണ്ടാം റാങ്ക് ടീമായ ബെല്‍ജിയത്തിന് ജയം. ബെല്‍ജിയം 1-0 നാണ് വിജയിച്ചത്. 44-ാം മിനുറ്റില്‍ മിച്ചി ബാറ്റ്ഷുവായിയുടെ വകയായിരുന്നു വിജയഗോള്‍. അറ്റാക്കുകളുടെ മാലപ്പടക്കം സൃഷ്ടിച്ചെങ്കിലും ഫിനിഷിംഗ് പിഴവാണ് കാനഡയെ പിന്നോട്ടടിച്ചത്. 22 ഷോട്ടുകളുതിര്‍ത്തെങ്കിലും ഒന്നുപോലും വലയിലാക്കാന്‍ കാനഡയ്ക്ക് കഴിയാതെ പോയി. ഇതില്‍ മൂന്നെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു. ലോക റാങ്കിംഗിലെ രണ്ടാംസ്ഥാനക്കാരായ ബെല്‍ജിയത്തിന്റെ ഏകാധിപത്യം മൈതാനത്ത് പ്രതീക്ഷിച്ചെങ്കിലും മത്സരത്തില്‍ ആദ്യ മിനുറ്റുകളില്‍ അതിവേഗ അറ്റാക്കുമായി കാനഡ വിസ്മയിപ്പിച്ചു.എട്ടാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ മുന്നിലെത്താനുള്ള സുവര്‍ണാവസരം കാനഡ നശിപ്പിച്ചു. കിക്കെടുത്ത അല്‍ഫോന്‍സോ ഡേവിസിന് ബെല്‍ജിയത്തിന്റെ സ്റ്റാര്‍ ഗോളി ക്വര്‍ടയെ മറികടക്കാനായില്ല. ഗോള്‍ പോസ്റ്റിന്റെ വലത് ഭാഗത്തേക്കുള്ള ഡേവിസിന്റെ ഇടംകാലന്‍ കിക്ക് ക്വാര്‍ട അനായാസം പറന്നുതടുത്തു.12-ാം മിനുറ്റില്‍ ലര്യായുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. പിന്നീടും തുടര്‍ച്ചയായ ആക്രമണവുമായി ബെല്‍ജിയത്തെ പ്രതിരോധത്തിലാക്കി കാനഡ. ബെല്‍ജിയത്തിന്റെ നീക്കങ്ങളെല്ലാം കനേഡിയന്‍ മതിലില്‍ നിഷ്പ്രഭമായി. ലോംഗ് പാസുകളില്‍ നിന്ന് കാനഡ ഡിഫന്‍സ് പൊളിക്കുക മാത്രമായി ബെല്‍ജിയത്തിന് മുന്നിലുള്ള ഏക പോംവഴി. അങ്ങനെ 44-ാം മിനുറ്റില്‍ ഓള്‍ഡര്‍വേറേള്‍ഡിന്റെ ലോംഗ് ബോളില്‍ നിന്ന് ലഭിച്ച അവസരം മുതലാക്കി മിച്ചി ബാറ്റ്ഷുവായി ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. എന്നാല്‍ ഗോള്‍ വീണ ശേഷവും കാനഡയുടെ അറ്റാക്കിന് പഞ്ഞം വന്നില്ല. തുടരെ തുടരെ ആക്രമണങ്ങളുമായി കാനഡ എതിരാളികളെ വിസ്മയിപ്പിച്ചു. അതേസമയം അവസാന പത്ത് മിനുറ്റുകളില്‍ കെവിന്‍ ഡിബ്രുയിന്‍ ഗോള്‍ ശ്രമങ്ങള്‍ നയിച്ചെങ്കിലും ലീഡുയര്‍ത്താന്‍ ബെല്‍ജിയത്തിനായില്ല.