Friday, May 3, 2024
keralaLocal NewsNews

  പാക്കാനത്ത് അച്ഛനെയും മകനെയും മുന്‍ വാര്‍ഡ് മെമ്പര്‍  മര്‍ദ്ദിച്ചതായി പരാതി.

എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് പാക്കാനം -കാരിശ്ശേരി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് മുന്‍ വാര്‍ഡ് അംഗം റോഡ് അളന്നതിനെ ചോദ്യം ചെയ്ത അച്ഛനെയും മകനെയും മര്‍ദ്ദിച്ചതായി പരാതി.പാക്കാനം സ്വദേശികളായ പടിഞ്ഞാറെപറമ്പില്‍ ചാക്കോ തോമസ്,മകന്‍ ബൈജു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. എരുമേലി ഗ്രാമ പഞ്ചായത്ത് പാക്കാനം എട്ടാം വാര്‍ഡില്‍ കാരശ്ശേരിയില്‍ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ അളന്ന് തിട്ടപ്പെടുത്തിയ സ്ഥലം ഇന്ന് രാവിലെ മുന്‍ മെമ്പറായ ജോമോന്‍ വീണ്ടും അളക്കാന്‍ ശ്രമിച്ചതിനെ ജനപക്ഷം പാര്‍ട്ടിയുടെ പാക്കാനം വാര്‍ഡ് പ്രസിഡന്റ് കൂടിയായ ബൈജു എതിര്‍ത്തതാണ് വാക്കേറ്റത്തിനും മര്‍ദ്ദനത്തിന് വഴിയൊരുക്കിയത്.പാക്കാനത്തെ തൊഴിലുറപ്പ് പദ്ധതി പ്രകാരം കുളം നിര്‍മ്മിച്ചതില്‍ അഴിമതി നടന്നതായി ആരോപിച്ച് ബൈജു വിവരാവകാശത്തിന് അപേക്ഷ നല്‍കിയിരുന്നു.ഇതിലുള്ള മുന്‍വൈരാഗ്യമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ബൈജു പറഞ്ഞു.മര്‍ദനമേറ്റ ഇരുവരും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി ചികിത്സ തേടി.എന്നാല്‍ നാട്ടുകാരുമൊത്ത് റോഡില്‍ നില്‍ക്കുകയായിരുന്നു തന്നെ ബൈജു യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുഡിഎഫ് വാര്‍ഡ് അംഗമായിരുന്ന ജോമോന്‍ പറഞ്ഞു.എരുമേലി ആശുപത്രിയില്‍ ചികിത്സ തേടുകയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.