Tuesday, May 14, 2024
keralaNews

വാടക വീട്ടില്‍ കള്ളനോട്ടു നിര്‍മാണം നടത്തിവന്ന പത്തനംതിട്ട സ്വദേശികളായ അഞ്ചംഗസംഘം പിടിയില്‍.

സീരിയല്‍ നിര്‍മാണത്തിന് എന്ന പേരില്‍ വീടു വാടകയ്‌ക്കെടുത്ത് കള്ളനോട്ടു നിര്‍മാണം നടത്തിവന്ന പത്തനംതിട്ട സ്വദേശികളായ അഞ്ചംഗസംഘം പിടിയില്‍. പിറവം ഇലഞ്ഞിയില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ കള്ളനോട്ടു പിടികൂടിയത്. ഒമ്പതു മാസമായി ഈ വീടു കേന്ദ്രീകരിച്ചു കള്ളനോട്ടു നിര്‍മാണം നടത്തി വരുകയായിരുന്നെന്നാണ് വിവരം. 500 രൂപയുടെ കറന്‍സി നോട്ടുകളാണ് ഇവിടെ അച്ചടിച്ചിരുന്നത്.കഴിഞ്ഞ ദിവസം ഇലഞ്ഞിയിലെ മാര്‍ക്കറ്റില്‍ ഒരു കച്ചവടക്കാരനു കള്ളനോട്ടു ലഭിച്ചതിനെ തുടര്‍ന്നു, വിവരം ഇന്റലിജന്‍സ് ബ്യൂറോയെ അറിയിക്കുകയായിരുന്നു. പണം കൈമാറിയ സംഘം താമസിക്കുന്ന വീട് തിരിച്ചറിഞ്ഞ ഐബി ഉദ്യോഗസ്ഥര്‍, ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കൂത്താട്ടുകുളം പൊലീസിനെ പോലും അറിയിക്കാതെ ഇടിച്ചു കയറി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് ഇവിടെ നിര്‍മാണത്തിലിരുന്ന ലക്ഷങ്ങളുടെ കറന്‍സി നോട്ടുകള്‍ കണ്ടെത്തുകയും സംഘത്തെ പിടികൂടുകയും ചെയ്തു.രാവിലെയാണ് റെയ്ഡ് നടക്കുന്ന വിവരം ലോക്കല്‍ പൊലീസ് അറിയുന്നത്. ഇന്റലിജന്‍സ് ബ്യൂറോയ്‌ക്കൊപ്പം എടിഎസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരും എത്തിയാണ് പരിശോധന നടത്തിയത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും പരിശോധനാ സംഘത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണു വിവരം. കേന്ദ്ര ഏജന്‍സികള്‍ തന്നെയാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.കൊച്ചിയില്‍നിന്നുള്ള ഇന്റലിജന്‍സ് ബ്യൂറോയുടെ സംഘം രഹസ്യമായി നടത്തിയ ഓപ്പറേഷനാണ് സംഘത്തെ കുടുക്കിയത്. കള്ളനോട്ടു നിര്‍മിക്കുന്നതിന് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുത്തന്‍കുരിശ് ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തി. നോട്ട് അച്ചടി സംഘത്തിനു പിന്നില്‍ ഉന്നതര്‍ ആരെങ്കിലും ഉണ്ടോയെന്ന് അന്വേഷണം ആരംഭിച്ചു.