Friday, May 17, 2024
keralaLocal NewsNews

എരുമേലിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം

എരുമേലി ; പട്ടണത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായി. ശബരിമല തീര്‍ഥാടനകാലത്ത് അയ്യപ്പഭക്തര്‍ അടക്കമുള്ളവര്‍ തെരുവുനായ ശല്യം മൂലം വിഷമിക്കുന്നു.3 മാസം മുന്‍പ് പത്ര വിതരണക്കാരനെ നായ കടിച്ചിരുന്നു. നായ്ക്കളെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് പൊലീസ് കത്തു നല്‍കിയിട്ട് 2 വര്‍ഷം കഴിഞ്ഞെങ്കിലും നടപടി ഇല്ല. മണ്ഡല മകരവിളക്ക് സീസണില്‍ തീര്‍ഥാടകര്‍ അടക്കമുള്ളവരെ പേ വിഷബാധയുള്ള നായ കടിച്ചിട്ടും മുന്‍കരുതല്‍ ഇല്ല. നൂറുകണക്കിനു നായ്ക്കളാണു പട്ടണത്തില്‍ അലഞ്ഞു നടക്കുന്നത്.പ്രളയകാലത്തെ വെള്ളപ്പൊക്കത്തെ തുടര്‍ന്നു റാന്നി പമ്പാനദീതീരത്തു നിന്ന് ഒട്ടേറെ നായ്ക്കളാണ് എരുമേലിയില്‍ എത്തിയിരിക്കുന്നത്.

എരുമേലി പേട്ടതുള്ളല്‍ പാത, സ്വകാര്യ, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകള്‍, പേട്ടക്കവല, കണ്ണിമല, മുക്കൂട്ടുതറ, മുപ്പത്തഞ്ച് ,വാഴക്കാല ഭാഗങ്ങളില്‍ ഇവ അലഞ്ഞു നടക്കുകയാണ്.കഴിഞ്ഞ മണ്ഡല കാലത്ത് തീര്‍ഥാടകര്‍, പൊലീസ് ഉദ്യോഗസ്ഥന്‍, പേട്ടതുള്ളല്‍ മേളക്കാര്‍, നാട്ടുകാര്‍ എന്നിവരെ പേ വിഷബാധയുള്ള നായ കടിച്ചിരുന്നു.കോവിഡ് കാലത്തു ഹോട്ടലുകള്‍ അടക്കമുള്ളവയുടെ എണ്ണം കുറഞ്ഞതോടെ നായ്ക്കള്‍ക്കു ആവശ്യത്തിനുള്ള ഭക്ഷണം തികയുന്നില്ല. ഇതിനിടെ നൂറുകണക്കിനു നായ്ക്കള്‍ പെറ്റു പെരുകുകയും ചെയ്തു. തെരുവു നായ്ക്കളെ കൊല്ലാന്‍ നിയമ തടസ്സമുള്ളതിനാല്‍ തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ പ്രതിസന്ധിയിലാണ്.ശബരിമല പാതയിലെ കനകപ്പലം, കരിമ്പിന്‍തോട്, മുക്കട, പ്ലാച്ചേരി, പൊന്തന്‍പുഴ വന പ്രദേശങ്ങളില്‍ മത്സ്യ, മാംസ അവശിഷ്ടങ്ങളുടെ തള്ളല്‍ നടക്കുന്നതിനാല്‍ ഈ മേഖലയിലും തെരുവു നായകളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണ്.