Sunday, May 5, 2024
keralaNews

എരുമേലി ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി.

എരുമേലി : എരുമേലി ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക. സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് പരിശോധിച്ച വിദഗ്ധ സമിതി ശുപാര്‍ശകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഉത്തരവ്. പദ്ധതി പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും പദ്ധതിക്ക് അനുകൂലമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ. സാമൂഹ്യ നീതി ഉറപ്പാക്കും വിധം പുനരധിവാസ പാക്കേജ് തയാറാക്കണമെന്നും വിദഗ്ധ സമിതി നിര്‍ദേശിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയാണ് ഭൂമി ഏറ്റെടുക്കലിന് റവന്യു വകുപ്പ് ഉത്തരവ് ഇറക്കിയത്.സമഗ്രമായ കേരള നഗരനയ കമ്മീഷന്‍ രൂപീകരിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഡോ. എം. സതീഷ് കുമാര്‍ അധ്യക്ഷനായ കമ്മീഷന്‍ ഒരു വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. അര്‍ബന്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിലൂടെ ആദ്യമായി സ്വന്തം നഗര നയം രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ രൂപീകരണവും നടത്തിപ്പും സംബന്ധിച്ച് കെ – ഡിസ്‌ക്, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്റ് എന്‍വയോണ്‍മെന്റ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി എന്നിവര്‍ ചേര്‍ന്ന് ഒപ്പിടേണ്ട ധാരണാപത്രവും മന്ത്രിസഭ അംഗീകരിച്ചു.