Monday, April 29, 2024
Local NewsNews

എരുമേലിയില്‍ അധ്യാപക ദിനാചരണം

എരുമേലി : സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എരുമേലി സെപ്റ്റംബര്‍ 5 അധ്യാപക ദിനം സമുചിതമായി ആചരിച്ചു.വിവിധ കലാപരിപാടികളോടെ നടന്ന അധ്യാപക ദിനത്തില്‍ കാഞ്ഞിരപ്പള്ളി രൂപത ടീച്ചേഴ്‌സ് ഗില്‍ഡ് ഡയറക്ടര്‍ റവ : ഫാ.സിജു സേവ്യര്‍ കൊച്ചുവീട്ടില്‍ അധ്യക്ഷത വഹിച്ചു. തദവസരത്തില്‍ സന്നിഹിതരായ പൂര്‍വ്വ അധ്യാപകര്‍ക്കും ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്‌സി ജോണ്‍ സ്വാഗതം ആശംസിച്ചു. പൂര്‍വ്വ അധ്യാപകര്‍ക്ക് പൂച്ചെണ്ടുകള്‍, ആശംസ കാര്‍ഡുകള്‍ തുടങ്ങിയവ നല്‍കി ഇപ്പോഴത്തെ അധ്യാപകര്‍ ആദരിക്കുകയും, പൂര്‍വ്വ അധ്യാപകര്‍ ഇപ്പോഴത്തെ അധ്യാപകര്‍ക്ക് നന്മയുടെ കിടാവിളക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഇപ്പോഴത്തെ അധ്യാപകരെ കുട്ടികള്‍ പൂച്ചെണ്ടും ആശംസ കാര്‍ഡുകളും നല്‍കി ആദരിച്ചു. പൂര്‍വ്വ അധ്യാപകരില്‍ നിന്നും അധ്യാപകര്‍ കൈകളില്‍ സ്വീകരിച്ച നന്മയുടെ കിടാവിളക്ക് ഭാവി തലമുറയുടെ വാഗ്ദാനങ്ങള്‍ ആയ കുട്ടികള്‍ക്ക് നന്മ വിളക്കുകള്‍ ആയി പ്രശോഭിക്കുവാന്‍ കഴിയട്ടെ എന്ന ആശിര്‍വാദത്തോടെ നല്‍കി അനുഗ്രഹിച്ചു. തുടര്‍ന്ന് ‘ഗുരുവന്ദനം ‘ നൃത്തശില്പവും മറ്റ് വിവിധ കലാപരിപാടികളും കുട്ടികള്‍ അധ്യാപകര്‍ക്കായി അവതരിപ്പിച്ചു. സിനി വര്‍ഗീസ്, ബിജിമോള്‍ തോമസ്, പ്ലേസി മോള്‍ കെ ജെ എന്നീ അധ്യാപകര്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.