Friday, May 17, 2024
Local NewsNewspolitics

എരുമേലിയില്‍ രാഷ്ട്രീയ കരുനീക്കങ്ങളുടെ നാടകാന്ത്യം

ജിഷമോൾ പി എസ്   

എരുമേലി: ഭാഗ്യവും ദൗര്‍ഭാഗ്യവും പരീക്ഷണം നടത്തിയ എരുമേലി ഗ്രാമപഞ്ചായത്തില്‍ അവസാനവും ഭാഗ്യം യുഡിഎഫിനെ സഹായിച്ചെത്തി . നാടകങ്ങള്‍ക്ക് വഴിതെളിച്ച 2020ലെ ആ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ ഇരുമ്പൂന്നിക്കരയില്‍ യു.ഡി.എഫ് – എല്‍ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ തുല്യ വോട്ട് നേടുകയും, നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് അംഗമായ പ്രകാശ് പള്ളിക്കൂടം വിജയിക്കുകയും ചെയ്തതാണ് യു.ഡി.എഫിന്റെ ആദ്യ ഭാഗ്യമെത്തിയത്. ഈ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 11 ഉം, ഘടക കക്ഷികള്‍ ഇല്ലാതെ 11 പേര്‍ വിജയിക്കുകയും,തുമരംപാറ വാര്‍ഡിലെ സ്വതന്ത്ര അംഗമായ ഇ ജെ ബിനോയിയുടെ പിന്തുണയോടെ യുഡിഎഫ് ഭരിക്കാന്‍ വന്നെങ്കിലും ദൗര്‍ഭാഗ്യത്തിന്റെ കരിനിഴല്‍ യു ഡി എഫിന് മേല്‍ വീണപ്പോള്‍ ഭാഗ്യം ഭരണ രൂപത്തില്‍ എല്‍ ഡി എഫിന്റെ കൈകളിലെത്തുകയായിരുന്നു. സ്വതന്ത്ര അംഗത്തിന്റെ പിന്തുണയില്‍ എല്‍ഡിഎഫ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നേരിടുന്നതിനിടയില്‍ ആ ഭാഗ്യം എല്‍ഡിഎഫിനെ തേടിയെത്തി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ അഞ്ചാം വാര്‍ഡായ ഒഴക്കനാട് കോണ്‍ഗ്രസ് അംഗം പി എസ് സുനിമോളുടെ വോട്ട് അസാധുവായതാണ് യു ഡി എഫിന് ഭരണം നഷ്ടപ്പെടാന്‍ കാരണമായത്.ഇതോടെ കക്ഷിനില തുല്യമാകുകയും നറുക്കെടുപ്പില്‍ സി.പി.എമ്മിലെ തങ്കമ്മ ജോര്‍ജുകുട്ടി പ്രസിഡന്റാകുകയും ചെയ്തു.                                                 എന്നാല്‍ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയില്‍ സ്വതന്ത്രന്‍ വൈസ് പ്രസിഡന്റാകുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് ആദ്യ അവിശ്വാസത്തിന് വഴിയൊരുക്കി കോണ്‍ഗ്രസ് ആറ് മാസം കാത്തിരുന്നു.പ്രസിഡന്റിനെ പുറത്താക്കാന്‍ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസത്തില്‍ കോണ്‍ഗ്രസ് അംഗം പങ്കെടുക്കാതെ വന്നതോടെ അവിശ്വാസം പരാജയപ്പെട്ട് എല്‍ ഡി എഫ് ഭരണം നിലനിര്‍ത്തി.                                                                          അവസരം മുതലാക്കി കോണ്‍ഗ്രസ് പിന്തുണയില്‍ വൈസ് പ്രസിഡന്റായ സ്വതന്ത്രനെ എല്‍.ഡി.എഫ്. അവിശ്വാസത്തിലൂടെ പുറത്താക്കി യുഡിഎഫിന് തിരിച്ചടി കൊടുത്ത് ഘടക കക്ഷിയായ സി.പി.ഐയിലെ അനിശ്രീ സാബുവിനെ വൈസ് പ്രസിഡന്റാക്കി കോണ്‍ഗ്രസിനെ നാണം കെടുത്തി. ഇതിനിടെ വോട്ട് അസാധുവാക്കിയ ഒഴക്കനാട് വാര്‍ഡ് അംഗത്തിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് അംഗത്വം രാജിവെക്കുകയും ഉപതിരഞ്ഞെടുപ്പിനും വഴി തെളിച്ചു.ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അനിത സന്തോഷ് വിജയിച്ചതോടെ ഫെബ്രുവരി 28-ന് കോണ്‍ഗ്രസ് രണ്ടാമതും അവിശ്വാസത്തിന് നോട്ടീസ് നല്‍കി. അതും വിപ്പ് ലംഘിച്ചതിനെതിരെ കോണ്‍ഗ്രസ് അംഗത്തിനെതിരെ കോണ്‍ഗ്രസ് കൊടുത്ത പരാതി പിന്‍വലിച്ചായിരുന്നു നീക്കം.                                                                              എന്നാല്‍ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസത്തില്‍   എല്‍.ഡി.എഫ്അംഗങ്ങള്‍ പങ്കെടുത്തില്ല. സി പി ഐയിലെ അംഗം എത്തിയെങ്കിലും സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ 12 അംഗങ്ങളുടെ പിന്‍ബലത്തില്‍ അവിശ്വാസം വിജയിച്ചു.എല്‍.ഡി.എഫ് ഭരണം മാറി. ഭരണമാറ്റത്തിന് കാരണം കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന ആരോപണമുന്നയിച്ച് സി പി ഐയും രംഗത്തെത്തി. സ്വതന്ത്രന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കി ഭരണം നിലനിര്‍ത്താനുള്ള സി.പി.എമ്മിന്റെ ശ്രമം പരാജയപ്പെട്ടതോടെ എല്‍.ഡി.എഫ് ഭരണം മാറ്റത്തിന് വേദിയായി.                                                                                                       ഇന്ന് നടന്ന പ്രസിഡന്റ് / വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍  കരുതലോടെ നാടകം കളിച്ച കോണ്‍ഗ്രസ് നീക്കങ്ങള്‍ വിജയിച്ചു.കോണ്‍ഗ്രസിലെ പമ്പാവാലി അംഗം മറിയാമ്മ സണ്ണി പ്രസിഡന്റായും, ബിനോയി വൈസ് പ്രസിഡന്റായും അധികാരത്തിലേറി നാണക്കേടിന് ചെറിയ പകരം വീട്ടല്‍. പ്രസിഡന്റ് സ്ഥാനം നാല് പേര്‍ക്ക് വീതം വച്ചുള്ള ഒത്തുതീര്‍പ്പിലൂടെയാണ് ഈ രാഷ്ട്രീയ കളിയെന്നതും ശ്രദ്ധേയമാണ്. എൽഡിഎഫിന്റെ പ്രസിഡന്റ് പ്രസ്ഥാനത്തേക്ക് മുൻ പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ ജോർജുകുട്ടിയും – വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് ശ്രീനിപുരം വാർഡംഗം വി ഐ അജിയുമാണ് മത്സരിച്ചത്. മുൻ വൈസ് പ്രസിഡന്റ് സിപിഐയിലെ അംഗം സി പി എമ്മിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.