Sunday, April 28, 2024
keralaNewspolitics

വൈദേകം റിസോര്‍ട്ടിന്റെ ഓഹരികള്‍ വില്‍ക്കുന്നില്ലെന്ന് : ജയ്‌സണ്‍

കണ്ണൂര്‍: വൈദേകം റിസോര്‍ട്ടിന്റെ ഓഹരികള്‍ വില്‍ക്കുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ മകന്‍ പി കെ ജയ്‌സണ്‍. താന്‍ ചിന്തിക്കാത്ത കാര്യം മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായി വന്നപ്പോള്‍ മാത്രമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആദായനികുതി വകുപ്പ് കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയെ തുടര്‍ന്ന് ഓഹരി ഉടമകളുടെ വിശദാംശങ്ങളും ടാക്സ് രേഖകളും കൈമാറി. ഞാനും അമ്മയും മാത്രം തീരുമാനമെടുത്താല്‍ ഓഹരി വില്‍ക്കാന്‍ സാധിക്കില്ല. ഡയറക്ടര്‍ ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുക്കണം. ചാനലുകളില്‍ ഈ വാര്‍ത്ത വന്നപ്പോള്‍ അച്ഛനോടും ചോദിച്ചു. ഞങ്ങള്‍ അറിയാതെ വാര്‍ത്ത എങ്ങനയാണ് വന്നതെന്ന് പിടികിട്ടുന്നില്ല. വാര്‍ത്ത കൊടുത്തതിനു പിന്നില്‍ ആരാണെന്ന് അന്വേഷിച്ച് കണ്ടെത്താന്‍ സമയമില്ല. ഷെയര്‍ ഉടമകളെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തേതന്നെ സര്‍ക്കാരിന്റെ കൈവശമുണ്ട്. ആവശ്യപ്പെട്ട സ്ഥിതിക്കാണ് പൂര്‍ണ വിവരങ്ങള്‍ വീണ്ടും നല്‍കിയത്.” ജയ്‌സണ്‍ പറഞ്ഞു.കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി യോഗത്തില്‍ പി.ജയരാജനാണ് റിസോര്‍ട്ടിനെ സംബന്ധിച്ച് സിപിഎം അന്വേഷിക്കണമെന്ന് ആവശ്യം മുന്നോട്ട് വെച്ചത്. അതിനിടെ വിവാദത്തിലായ വൈദേകം ആയുര്‍വേദ റിസോര്‍ട്ടിന് ആദായനികുതി വകുപ്പ് നോട്ടിസ് നല്‍കിയിട്ടുണ്ട്. വൈദേകത്തിന്റെ ഉടമസ്ഥരായ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയറിന്റെ ഷെയര്‍ ഉടമകള്‍ ആരൊക്കെയാണെന്നും എത്ര വീതം ഓഹരികള്‍ ഉണ്ടെന്നും ചോദിച്ചായിരുന്നു നോട്ടീസ്. റിസോര്‍ട്ടിലെ ഇടപാടിനെതിരെ ഇ.ഡി.ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അവരുടെ പ്രാഥമിക അന്വേഷണവും നടക്കുന്നുണ്ട്.