Monday, April 29, 2024
indiakeralaNews

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; ജാഥ, ആള്‍ക്കൂട്ടം, കലാശക്കൊട്ട് എന്നിവ പാടില്ല

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നതിന് സംസ്ഥാന   തിരഞ്ഞെടുപ്പ്      കമ്മിഷന്‍ കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി.സര്‍ക്കാരിന്റെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും അഭിപ്രായം തേടിയതിനു ശേഷമായിരിക്കും നിര്‍ദേശങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.വീടുകള്‍ കയറിയുള്ള പ്രചാരണ രീതിയെ തീര്‍ത്തും പ്രോത്സാഹിപ്പിക്കാത്ത തരത്തിലുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായുമുള്ളത്. പ്രചാരണത്തിന് വീട്ടിനുള്ളില്‍ പ്രവേശിക്കരുത്. ഭവനസന്ദര്‍ശനത്തിന് ഒരു സമയം സ്ഥാനാര്‍ഥി ഉള്‍പ്പെടെ പരമാവധി അഞ്ചു പേര്‍ മാത്രം മതി. നോട്ടിസ്, ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി സമൂഹമാധ്യമങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. റോഡ് ഷോ, വാഹനറാലി എന്നിവയ്ക്കു പരമാവധി മൂന്ന് വാഹനങ്ങളാവാം. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ സ്ഥാനാര്‍ഥികള്‍ക്ക് ഹാരം, പൂച്ചെണ്ട്,നോട്ടുമാല, ഷാള്‍ തുടങ്ങിയവ നല്‍കിയുള്ള സ്വീകരണ പരിപാടി ഒഴിവാക്കണം. ജാഥ, ആള്‍ക്കൂട്ടം, കലാശക്കൊട്ട് എന്നിവയും ഒഴിവാക്കണം.
ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് കോവിഡ് പൊസിറ്റീവാവുകയോ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന ക്വാറന്റൈനില്‍ പ്രവേശിക്കുകയോ ചെയ്താല്‍ ഉടന്‍ പ്രചാരണരംഗത്തു നിന്ന് മാറി ജനസമ്പര്‍ക്കം ഒഴിവാക്കണം. പരിശോധനാഫലം നെഗറ്റീവായ ശേഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം തുടര്‍പ്രവര്‍ത്തനം നടത്താം. സ്ഥാനാര്‍ഥി കൊവിഡ് പോസിറ്റീവോ ക്വാറന്റൈനിലോ ആണെങ്കില്‍ നാമനിര്‍ദേശപത്രിക സ്ഥാനാര്‍ഥി നിര്‍ദേശിക്കുന്നയാള്‍ മുഖേന സമര്‍പ്പിക്കാം. ആവശ്യമെങ്കില്‍ പത്രിക സമര്‍പ്പിക്കാന്‍ മുന്‍കൂര്‍ സമയം അനുവദിക്കുകയും ചെയ്യാം.വരണാധികാരി ഓരോ പത്രികയും സ്വീകരിച്ച ശേഷം സാനിറ്റൈസര്‍ ഉപയോഗിക്കണം. പത്രിക സമര്‍പ്പിക്കാന്‍ വരുന്ന മറ്റുള്ളവര്‍ക്കു വേറെ കാത്തിരിപ്പു സ്ഥലമൊരുക്കണം. പ്രചാരണത്തില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കണമെന്നതുമടക്കം കര്‍ശന നിയന്ത്രണങ്ങളോടെയുള്ള തെരഞ്ഞെടുപ്പിനാണ് കമ്മിഷന്‍ ഒരുങ്ങുന്നത്.