Friday, May 3, 2024
keralaNews

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണ മോഷണം;ദുരൂഹത നീക്കാന്‍ മാല പൊളിച്ച് പരിശോധിക്കും

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണ മോഷണത്തിലെ ദുരൂഹത നീക്കാന്‍ നിലവിലുള്ള മാല പൊളിച്ച്പരിശോധിക്കാനൊരുങ്ങി ദേവസ്വം വിജിലന്‍സ്. മാലയുടെ കാലപ്പഴക്കം സ്വര്‍ണത്തിന്റെ തൂക്കം ഉള്‍പ്പെടെ കണ്ടെത്തുകയാണ് ലക്ഷ്യം. മാല പൊളിക്കാന്‍ അനുമതി തേടി വിജിലന്‍സ് എസ്പി തന്ത്രിക്ക് ഉടന്‍ കത്ത് നല്‍കും.തിരുവാഭരണ കമ്മിഷണറും ദേവസ്വം വിജിലന്‍സും നടത്തിയ പരിശോധനയിലാണ് രജിസ്റ്ററില്‍ പെടാത്ത രുദ്രാക്ഷമാല കണ്ടെത്തിയത്. 81 മുത്തുകളുള്ള 23 ഗ്രാം തൂക്കമുള്ള മാലയാണ് മോഷണം പോയത്. പകരം കണ്ടെത്തിയ മാലയില്‍ 72 മുത്തുകളും 20ഗ്രാം തൂക്കവുമാണുള്ളത്. ഈ മാലയില്‍ വിളക്കിച്ചേര്‍ത്തതിന്റെയോ പൊട്ടിയതിന്റെയോ ലക്ഷണങ്ങള്‍ നിലവിലില്ല. മാല പൊളിച്ച് പരിശോധിച്ചാല്‍ ഇതില്‍ വ്യക്തതവരും. ഒപ്പം കാലപ്പഴക്കം സംബന്ധിച്ചും സ്ഥിരീകരണം ലഭിക്കും. ശ്രീകോവിലിനുള്ളിലെ ആഭരണങ്ങളുടെ ഉടമസ്ഥാവകാശം തന്ത്രിക്കാണ്. 2005 2006 കാലഘട്ടത്തിലാണ് സ്വര്‍ണംകെട്ടിയ രുദ്രാക്ഷമാല വഴിപാടായി ലഭിക്കുന്നത്. മാല വഴിപാടായി നല്‍കിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുടെ വിശദമായ മൊഴി ഉടന്‍ രേഖപ്പെടുത്തും.

അടുത്തയിടെ സ്ഥാനം ഒഴിഞ്ഞ മേല്‍ശാന്തിയില്‍ നിന്നാകും ആദ്യം മൊഴിയെടുക്കുക. മോഷണത്തിന് കേസെടുത്ത് പൊലീസും അന്വേഷണം ഊര്‍ജിതമാക്കി. തിരുവാഭരണ കമ്മിഷണറും ദേവസ്വം വിജിലന്‍സും നടത്തിയ പരിശോധനയില്‍ മാല നഷ്ടപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതോടെയാണ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ പൊലീസിന് മൊഴി നല്‍കിയത്. മാല താന്‍ കണ്ടിട്ടില്ലെന്നും മാല മുന്‍ മേല്‍ശാന്തിയാണ് സൂക്ഷിച്ചിരുന്നതെന്നും അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ മൊഴി നല്‍കി. കഴിഞ്ഞ മാസം പുതിയ മേല്‍ശാന്തി ചുമതലയേറ്റപ്പോള്‍ നടത്തിയ പരിശോധനയിലാണ് മാല നഷ്ടപ്പെട്ട വിവരം കണ്ടെത്തുന്നത്.