Monday, May 13, 2024
Newsworld

യുക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

കീവ്: യുക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ആഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം. കീവ്, കാര്‍കീവ്, സുമി,മരിയുപോള്‍ നഗരങ്ങളിലാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം 12 .30 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. റഷ്യന്‍ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷിത ഇടനാഴികള്‍ തുറക്കുമെന്നും ഇത് സാധാരണക്കാരെ രക്ഷിക്കാനുള്ള മൂന്നാം ശ്രമമെന്നും റഷ്യ അറിയിച്ചു.

അതേസമയം യുക്രൈനിലെ ലുഹാന്‍സ്‌കിലെ എണ്ണ സംഭരണശാലയ്ക്ക് നേരെ ഇന്ന് റഷ്യ മിസൈല്‍ ആക്രമണം നടത്തി. ഇവിടുത്തെ തീ ഇതുവരെ അണയ്ക്കാനായിട്ടില്ല. റഷ്യന്‍ അനുകൂലികളുടെ നിയന്ത്രണത്തിലുള്ള പ്രദേശം കൂടിയാണ് ലുഹാന്‍സ്‌ക്. അവിടുത്തെ എണ്ണസംഭരണശാലയിലാണ് ആക്രമണമുണ്ടായത്. കരിങ്കടലിനോട് ചേര്‍ന്ന് കിടക്കുന്ന തുറമുഖ പട്ടണമായ മൈക്കോലൈവിലും റഷ്യ ഇന്ന് ശക്തമായ ഷെല്ലാക്രമണം നടത്തി. ഒഡേസ, മരിയുപോള്‍ തുടങ്ങിയ തുറമുഖ മേഖലയില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി റഷ്യ കനത്ത ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൈക്കോലൈവിനെയും റഷ്യ ലക്ഷ്യമിട്ടത്. കരിങ്കടലിനോട് ചേര്‍ന്നുള്ള തുറമുഖത്തിന്റെ ആധിപത്യം പൂര്‍ണ്ണമായി റഷ്യ ഏറ്റെടുക്കുകയാണ്.

മൈക്കോലൈവിലെ ജനവാസ മേഖലകളിലടക്കം ഒന്നിന് പിറകേ ഒന്നായി ഇന്ന് റോക്കറ്റുകള്‍ പതിക്കുകയായിരുന്നു. നാശനഷ്ടത്തിന്റെ കണക്കുകള്‍ വ്യക്തമല്ല. കാര്‍കീവിലും ഇന്നലെ രാത്രി വലിയ ആക്രമണമുണ്ടായി. യുക്രൈനിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ശക്തമായ ആക്രമണം നടന്നെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇര്‍പിനിലെ ഒഴിപ്പിക്കലിനിടെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ എട്ടുപേര്‍ മരിച്ചു.