Friday, May 3, 2024
NewsSports

രണ്ടാം ടി20യിലും ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

ദാംബുള്ള: മൂന്ന് ടി20കളുടെ പരമ്പരയില്‍ ശ്രീലങ്കക്കെതിരെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യന്‍ വനിതകള്‍ക്ക് പരമ്പര. രണ്ടാം ടി20യില്‍അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം ഇന്ത്യന്‍ വനിതകള്‍ നേടി. ലങ്കന്‍ വനിതകള്‍ മുന്നോട്ടുവെച്ച 126 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ നേടുകയായിരുന്നു. സ്മൃതി മന്ഥാന, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യന്‍ ജയം.

മറുപടി ബാറ്റിംഗില്‍ സ്മൃതി മന്ഥാന-ഷെഫാലി വര്‍മ്മ സഖ്യം ഭേദപ്പെട്ട തുടക്കം ഇന്ത്യക്ക് നല്‍കി. നാലാം ഓവറിലെ നാലാം പന്തില്‍ ഷെഫാലി(10 പന്തില്‍ 17) പുറത്താകുമ്പോള്‍ ഇന്ത്യക്ക് 30 റണ്‍സ്.

സബ്ബിനേനി മേഘ്‌നയും(10 പന്തില്‍ 17), ജെമീമ റോഡ്രിഗസും(6 പന്തില്‍ 3), യാസ്തിക ഭാട്ട്യയും(18 പന്തില്‍ 13) വേഗം പുറത്തായെങ്കിലും ഇതിനിടെ 34 പന്തില്‍ 39 റണ്‍സെടുത്ത് മടങ്ങിയ മന്ഥാനയുടെ പ്രകടനം നിര്‍ണായകമായി.

പിന്നാലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും(32 പന്തില്‍ 31*), ദീപ്തി ശര്‍മ്മയും(5 പന്തില്‍ 5*) ചേര്‍ന്ന് ഇന്ത്യയെ ജയിപ്പിച്ചു.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കന്‍ വനിതകള്‍ ഗംഭീര തുടക്കം ലഭിച്ചിട്ടും 20 ഓവറില്‍ ഏഴ് വിക്കറ്റിന് 125 എന്ന നിലയില്‍ ചുരുങ്ങുകയായിരുന്നു.                                                                                                 

14-ാം ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിയുമ്പോള്‍ 87 റണ്‍സുണ്ടായിരുന്നു ലങ്കയ്ക്ക്. ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടുവിനെ പൂജ വസ്ത്രാക്കര്‍ പുറത്താക്കുകയായിരുന്നു. ചമാരി 41 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സ് നേടി. സഹ ഓപ്പണര്‍ വിഷ്മി ഗുണരത്‌നെ 17-ാം ഓവറിലെ അവസാന പന്തിലാണ് പുറത്തായത്. ഹര്‍മനായിരുന്നു വിക്കറ്റ്. വിഷ്മി 50 പന്തില്‍ 40 റണ്‍സെടുത്തു. ഈസമയം ലങ്കന്‍ സ്‌കോര്‍ 106-2.

പിന്നീടങ്ങോട്ട് ലങ്കന്‍ നിരയിലാര്‍ക്കും രണ്ടക്കം കാണാനായില്ല. 14 റണ്‍സിനിടെ അഞ്ച് വിക്കറ്റ് ലങ്കന്‍ വനിതകള്‍ക്ക് നഷ്ടമായി. മാധവി(9), കവിഷാ ദില്‍ഹാരി(2), നിലാക്ഷി ഡി സില്‍വ(1), ഹസിനി പെരേര(0), ഒഷഡി രണസിന്‍ഹേ(5), അനുഷ്‌ക സഞ്ജീവനി(8*), സുഗന്ധിക കുമാരി(1*) എന്നിങ്ങനെയായിരുന്നു സ്‌കോര്‍.

ഇന്ത്യന്‍ വനിതകള്‍ക്കായി ദീപ്തി ശര്‍മ്മ രണ്ടും രേണുക സിംഗും രാധാ യാദവും പൂജാ വസ്ത്രാക്കറും ഹര്‍മന്‍പ്രീത് കൗറും ഓരോ വിക്കറ്റ് നേടി.