Tuesday, April 30, 2024
keralaNews

നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണം, അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ; മുഖ്യമന്ത്രി

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. ഇരുചക്രവാഹനങ്ങളില്‍ കുടുംബാംഗങ്ങളാണെങ്കില്‍ മാത്രമേ രണ്ടുപേര്‍ യാത്ര ചെയ്യാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുവരും ഇരട്ട മാസ്‌ക് ധരിക്കണം. കുടുംബാംഗങ്ങള്‍ അല്ലെങ്കില്‍ ഒരാളെ മാത്രമേ അനുവദിക്കൂവെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. അത്യാവശ്യമെങ്കില്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണം ഉണ്ടായിരിക്കും. ചൊവ്വാഴ്ച മുതല്‍ ലോക്ഡൗണിന് സമാനമായ നിലയിലായിരിക്കും കാര്യങ്ങള്‍. അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ. വലിയ സൗകര്യം ഉള്ള ആരാധനാലയങ്ങളില്‍ മാത്രമേ 50 പേര്‍ക്കു പ്രാര്‍ഥന നടത്താന്‍ അനുമതിയുള്ളൂ. സൗകര്യമില്ലാത്തിടത്ത് ആളുകളുടെ എണ്ണം കുറയ്ക്കണം.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചിക്കേണ്ടി വരും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വിസില്‍ ഒതുക്കും. കടകളും ഹോട്ടലുകളും സമയബന്ധിതമായി പ്രവൃത്തിപ്പിക്കാം. ബാങ്കിങ് സമയം രണ്ടുമണിവരെയായി ചുരുക്കാന്‍ ഇടപെടല്‍ നടത്തും. ആശുപത്രിയില്‍ കൂട്ടിരിക്കുന്നവര്‍ ഡോക്ടറോ സ്ഥാപനമോ സ്വയമോ തയാറാക്കുന്ന സത്യവാങ്മൂലം ഹാജരാക്കി അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യാം. മാര്‍ക്കറ്റിലെ കടകള്‍ നിശ്ചിത സമയത്ത് തുറക്കുകയും അടക്കുകയും ചെയ്യുന്നുണ്ടെന്നു മാര്‍ക്കറ്റ് കമ്മിറ്റികള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു