Tuesday, May 21, 2024
indiaNews

കോവിഡിനെ നേരിടാന്‍ സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നു. രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യം വിലയിരുത്തി. കോവിഡ് സാഹചര്യത്തെ നേരിടാന്‍ സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞു.കോവിഡ് വൈറസ് ലോകത്തിന് വെല്ലുവിളിയാണെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. ‘കോവിഡിനെതിരായുള്ള പോരാട്ടത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഒരു പ്രധാന ഘടകമാണ്’ യോഗം അഭിപ്രായപ്പെട്ടു.

പ്രാദേശിക തലത്തിലെ പ്രശ്നങ്ങള്‍ പരിശോധിച്ച് പരിഹരിക്കേണ്ടതുണ്ടെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. ആശുപത്രി കിടക്കകള്‍, പിഎസ്എ ഓക്സിജന്‍ സൗകര്യങ്ങള്‍, ഓക്സിജന്റെ ഉത്പാദനം, സംഭരണം, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സംസ്ഥാനങ്ങളുമായുള്ള കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തു.മെഡിക്കല്‍ ഉപകരണങ്ങളുടെയും ഓക്സിജന്റെ വിതരണം കൂടുതല്‍ വേഗത്തിലാക്കാന്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. സാധരണക്കാര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്ന സഹായ നടപടികളും ജന്‍ ധന്‍ അക്കൗണ്ടുടമകള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചൂണ്ടിക്കാണിച്ചു. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 3,86,452. ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 3498 പേരാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,87,62,976 ആയി. മരണ സംഖ്യ 2,08,330. ആക്ടീവ് കേസുകളുടെ എണ്ണം 31,70,228 ആണ്. 1,53,84,418 ഇതുവരെ രോഗമുക്തരായി. 15,22,45,179 പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. -66,159 പേര്‍. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കേരളമാണ് രണ്ടാമതുള്ളത്. കേരളത്തില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 38,607 ആണ്. ഉത്തര്‍പ്രദേശ്- 35,104, കര്‍ണാടക-35,024, ഡല്‍ഹി- 24, 235 എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് കേസുകള്‍.