Friday, April 26, 2024
indiaNewsworld

ചൈനയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

വാഷിങ്ടണ്‍:ചൈനയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം.ചൈനയില്‍ ആശുപത്രികള്‍ പൂര്‍ണമായി നിറഞ്ഞിരിക്കുകയാണെന്ന് എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ എറിക് ഫീഗല്‍ ഡിങ് ട്വീറ്റ് ചെയ്തു.ചൈനയിലെ 60 ശതമാനത്തിലധികം പേരും ലോക ജനസംഖ്യയുടെ 10 ശതമാനവും അടുത്ത 90 ദിവസത്തിനുള്ളില്‍ രോഗബാധിതരാകാനും ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.ചൈനയിലെ സാഹചര്യം ഗൗരവമായി കണക്കിലെടുക്കണമെന്നും വൈറസിന്റെ വ്യാപനം പുതിയ വകഭേദങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുമെന്നും അത് മറ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ഭീഷണിയാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.പുതുവര്‍ഷാദ്യം സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തില്‍ ബെയ്ജിങ്ങിലേക്ക് വിദഗ്ധ സംഘത്തെ അയക്കാനിരിക്കെയാണ് അമേരിക്കയുടെ പ്രതികരണം. ചൈനയില്‍ രോഗബാധയിലുണ്ടാവുന്ന ക്രമാതീതമായ വര്‍ധന ആഗോള സാമ്പത്തിക മേഖലയേയും മോശമായി ബാധിച്ചേക്കാമെന്നും അമേരിക്ക കരുതുന്നു.

ചൈനയുടെ ജി.ഡി.പി. കണക്കിലെടുക്കുമ്പോള്‍ ഉയര്‍ന്ന കോവിഡ് കേസുകള്‍ ലോകത്തെയാകെ ആശങ്കപ്പെടുത്തുന്നുണ്ട്.കോവിഡ് നിയന്ത്രിക്കാന്‍ സാധിച്ചാല്‍ അത് ചൈനയ്ക്ക് മാത്രമല്ല, ആഗോളതലത്തിലും നല്ലതായിരിക്കും പ്രൈസ് പറഞ്ഞു.സീറോ കോവിഡ് നയത്തിനെതിരെ കടുത്ത പ്രതിഷേധമുണ്ടായതിന് പിന്നാലെ ചൈനയില്‍ രോഗബാധ വലിയ തോതില്‍ ഉയര്‍ന്നിരുന്നു.പാശ്ചാത്യരാജ്യങ്ങളേക്കാള്‍ ഫലപ്രദമായി കോവിഡിനെ പ്രതിരോധിച്ചു എന്ന തോന്നലുണ്ടാക്കാന്‍ ചൈന കോവിഡ് കണക്കുകള്‍ മറച്ചുവെക്കുന്നു എന്നും കരുതപ്പെടുന്നുണ്ട്.