Friday, May 10, 2024
EntertainmentindiakeralaNews

രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങി കങ്കണ റനൗട്ട്.

ന്യൂഡല്‍ഹി :രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങി ബോളിവുഡ് താരം കങ്കണ റനൗട്ട്. ബിജെപി ടിക്കറ്റ് നല്‍കുകയാണെങ്കില്‍ ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡി മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് കങ്കണ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഷിംലയില്‍ സംഘടിപ്പിച്ച ‘ആജ് തക് ഹിമാചല്‍ പ്രദേശ്’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കങ്കണ. അതേസമയം, നിലവില്‍ അഭിനയരംഗത്ത് പൂര്‍ണശ്രദ്ധ ചെലുത്തുന്നതിനാല്‍ രാഷ്ട്രീയത്തിലേക്കു വരാന്‍ താല്‍പര്യമില്ലെന്നാണ് കങ്കണ ഒരു മാസം മുന്‍പ് പറഞ്ഞത്.

ഹിമാചല്‍ പ്രദേശിലെ ജനത്തെ ഏതുവിധേനയും സേവിക്കാന്‍ ആഗ്രഹമുണ്ടെന്നും അതിന് രാഷ്ട്രീയപ്രവേശം അനിവാര്യമെങ്കില്‍ അതിനും തയാറാണെന്നും കങ്കണ വിശദീകരിച്ചു. തന്റെ നാട്ടിലെ ജനങ്ങളുടെ ഉന്നമനത്തിനായി പോരാടാന്‍ അവസരം ലഭിച്ചാല്‍ അത് അഭിമാനകരമായ കാര്യമാണെന്നും താരം പറഞ്ഞു. ഹിമാചലിലെ മണാലി സ്വദേശിനിയാണ് കങ്കണ.

”സാഹചര്യം എന്തുമാകട്ടെ. സര്‍ക്കാരിന് എന്റെ സഹകരണം ആവശ്യമാണെങ്കില്‍ ഞാന്‍ അതിനു തയാറാണ്. ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് ഹിമാചലിലെ ജനം ആവശ്യപ്പെടുന്നതെങ്കില്‍ അത് എനിക്കു ലഭിക്കുന്ന വലിയ ആദരവാണ്. മത്സരിക്കുന്നതില്‍ എനിക്കു യാതൊരു വിമുഖതയുമില്ല.’ കങ്കണ പറഞ്ഞു.

അതേസമയം, കങ്കണയ്ക്ക് എപ്പോള്‍ വേണമെങ്കിലും ബിജെപിയിലേക്കു വരാമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അതേ പരിപാടിയില്‍ പങ്കെടുത്ത ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ വ്യക്തമാക്കി. നവംബര്‍ 12നാണ് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞടുപ്പ്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.