Thursday, May 2, 2024
keralaNews

സെക്രട്ടേറിയറ്റില്‍ പഞ്ച് ചെയ്തു മുങ്ങുന്നവരെ പിടിക്കാന്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം.

സംസ്ഥാനത്ത് സെക്രട്ടേറിയറ്റില്‍ പഞ്ച് ചെയ്തു മുങ്ങുന്നവരെ പിടിക്കാന്‍ എല്ലാ ഓഫീസ് കവാടത്തിലും ബയോമെട്രിക് പഞ്ചിങ് സംവിധാനമൊരുങ്ങുന്നു. പുതിയ സംവിധാനം സ്ഥാപിക്കാനായി ഒരു കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷത്തി നാല്‍പതിനായിരം രൂപ സര്‍ക്കാര്‍ അനുവദിച്ചു. സെക്രട്ടറിയേറ്റിലെത്തുന്ന സന്ദര്‍ശകര്‍ക്കു തങ്ങാവുന്ന സമയത്തിലുള്‍പ്പെടെ കര്‍ശനമായ നിയന്ത്രണം കൊണ്ടുവരാനും ആലോചനയുണ്ട്.കാര്‍ഡ് പഞ്ചിങ്ങില്‍ നിന്നും ബയോമെട്രിക് പഞ്ചിങ്ങിലേക്കു മാറിയെങ്കിലും മുങ്ങുന്ന ജീവനക്കാരുടെ എണ്ണം കൂടിയതോടെയാണ് പുതിയ സംവിധാനം സര്‍ക്കാര്‍ കൊണ്ടുവരുന്നത്. സെക്രട്ടറിയേറ്റിലെ എല്ലാ ഓഫിസ് കവാടത്തിലുമാണ് പുതിയ പഞ്ചിങ് സംവിധാനം സ്ഥാപിക്കുന്നത്. ജീവനക്കാര്‍ രാവിലെ പഞ്ച് ചെയ്ത് ഓഫിസിലേക്ക് കയറിയശേഷം പുറത്തിറങ്ങി പത്തു മിനുട്ട് കഴിഞ്ഞാല്‍ അറ്റന്‍ഡന്‍സ് റജിസ്റ്ററില്‍ രേഖപ്പെടുത്തും. ഇതിനു ആനുപാതികമായുള്ള സമയം മാസത്തില്‍ കണക്കാക്കും.

അധികസമയം ലീവിലേക്കോ , ശമ്പള കട്ടിലേക്കോ മാറിയേക്കാം. പഞ്ചിങ്ങ് സംവിധാനം ശമ്പള സോഫ്‌റ്റ്വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല സിസ്റ്റം ജനറേറ്റ് ചെയ്യുന്ന രീതിയിലായതിനാല്‍ ഇതില്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്രിമത്വം നടത്താന്‍ കഴിയില്ല. സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ടാകും . സന്ദര്‍ശകര്‍ അകത്തു കയറിയാല്‍ സന്ദര്‍ശക പാസില്‍ രേഖപ്പെടുത്തിയിരിക്കുന്ന സമയത്തില്‍ കൂടുതല്‍ തങ്ങാന്‍ കഴിയില്ല. സന്ദര്‍ശക സമയത്തിനു അഞ്ചു മിനുട് മുന്‍പ് സന്ദേശം മൊബൈലിലെത്തും. ഇതിനായി പ്രത്യേക കാര്‍ഡും ഉണ്ടാകും. കൊച്ചി മെട്രോ റയിലിന്റെ സാങ്കേതിക സഹായത്തോടെ കെല്‍ട്രോണാണ് പദ്ധതി നടപ്പാക്കുന്നത്.